റഫേല്‍ വെളിപ്പെടുത്തല്‍: പരീക്കറുടെ കത്ത് പ്രതിരോധമാക്കി കേന്ദ്രം

മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിനു പരീക്കര്‍ നല്‍കിയ മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നതില്‍ തെറ്റില്ലെന്നും പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും പരീക്കര്‍ കത്തില്‍ നിര്‍ദേശിച്ചിരുന്നു. 2016 ജനുവരി 11നാണ് പരീക്കര്‍ ഫയലില്‍ മറുപടി നല്‍കിയത്.

Update: 2019-02-08 10:18 GMT

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരമായി ഇടപെട്ടുവെന്ന മുന്‍ പ്രതിരോധ സെക്രട്ടറിയുടെ വിയോജനക്കുറിപ്പിനെച്ചൊല്ലിയുള്ള വിവാദത്തിന്റെ മുനയൊടിക്കാന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ കത്ത് പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിനു പരീക്കര്‍ നല്‍കിയ മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നതില്‍ തെറ്റില്ലെന്നും പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും പരീക്കര്‍ കത്തില്‍ നിര്‍ദേശിച്ചിരുന്നു. 2016 ജനുവരി 11നാണ് പരീക്കര്‍ ഫയലില്‍ മറുപടി നല്‍കിയത്.

ഫ്രഞ്ച് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫിസുകള്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂ. വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരുകടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്. അതേസമയം, റഫേല്‍ ഇടപാടിലെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഉന്നയിച്ചത് പാര്‍ലമെന്റില്‍ വലിയ ബഹളത്തിനിടയാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് റഫാല്‍ ഇടപാടില്‍ സമാന്തര ഇടപെടല്‍ നടത്തിയതെന്ന് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യദ്രോഹികളുടേതാണെന്നും അവര്‍ കുറ്റപ്പെടുത്തി. റഫാല്‍ വിഷയത്തിലെ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ട ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ പകര്‍പ്പ് ഉയത്തിക്കാട്ടി തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങളും അപ്പോള്‍ വ്യക്തമാവും. ഇനി മറ്റൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ലോക്‌സഭയില്‍ പറഞ്ഞു.

എന്നാല്‍, പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് തള്ളാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ന്യായീകരണവുമായി രംഗത്തെത്തി. പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് അന്നത്തെ പ്രതിരോധമന്ത്രി മറുപടി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതില്‍ അപാകതയില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ദേശീയ സുരക്ഷാ കൗണ്‍സിലെന്നും അവര്‍ വിശദീകരിച്ചു. പ്രതിപക്ഷം വന്‍കിട കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത്. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഓരോ കാര്യങ്ങളിലും സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി ഇടപ്പെട്ടിരുന്നത് എന്തിനായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു.




Tags: