ഫ്‌ളക്‌സ് ബോര്‍ഡ് വീണ് പെണ്‍കുട്ടിയുടെ മരണം: 'ശിക്ഷിക്കേണ്ടത് കാറ്റിനെ'യാണെന്ന് എഐഎഡിഎംകെ നേതാവ്

പെണ്‍കുട്ടിയുടെ മരണത്തില്‍ ബോര്‍ഡ് സ്ഥാപിച്ച വ്യക്തി ഉത്തരവാദിയല്ലെന്നും ആര്‍ക്കെതിരേയെങ്കിലും കേസെടുക്കുകയോ ശിക്ഷിക്കുകയോ ചെയ്യണമെങ്കില്‍ അത് കാറ്റിനെതിരേയാണെന്നും പൊന്നയ്യന്‍ പറഞ്ഞു. പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നയ്യന്‍ വിചിത്രവാദവുമായി രംഗത്തെത്തിയത്.

Update: 2019-10-06 09:31 GMT

ചെന്നൈ: റോഡരികില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് പൊളിഞ്ഞ് വീണ് ഐടി ജീവനക്കാരിയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിചിത്രവാദവുമായി എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍. പെണ്‍കുട്ടിയുടെ മരണത്തില്‍ ബോര്‍ഡ് സ്ഥാപിച്ച വ്യക്തി ഉത്തരവാദിയല്ലെന്നും ആര്‍ക്കെതിരേയെങ്കിലും കേസെടുക്കുകയോ ശിക്ഷിക്കുകയോ ചെയ്യണമെങ്കില്‍ അത് കാറ്റിനെതിരേയാണെന്നും പൊന്നയ്യന്‍ പറഞ്ഞു. പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നയ്യന്‍ വിചിത്രവാദവുമായി രംഗത്തെത്തിയത്.

പെണ്‍കുട്ടിയുടെ മരണം പാര്‍ട്ടിയുടെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഭരണകക്ഷിയായ എഐഎഡിഎംകെ അംഗം ഇത്തരമൊരു ന്യായീകരണം നടത്തിയത്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന് എഐഎഡിഎംകെ നേതാവ് ജയഗോപാലിനെ അറസ്റ്റുചെയ്തിരുന്നു. ബാനര്‍ സ്ഥാപിച്ച വ്യക്തിയല്ല പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത്. അതിനുത്തരവാദി കാറ്റാണ്. അതുകൊണ്ട് കേസെടുക്കണമെങ്കില്‍ കാറ്റിനെതിരേ കേസ് ഫയല്‍ ചെയ്യണമെന്നും പൊന്നയ്യന്‍ കൂട്ടിച്ചേര്‍ത്തു.

സപ്തംബര്‍ 12നാണ് ശുഭശ്രീ രവി എന്ന ഐടി ജീവനക്കാരി സ്‌കൂട്ടറില്‍ സഞ്ചരിക്കവെ അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് വീണ് മരണപ്പെട്ടത്. മുഖ്യമന്ത്രി ഇ പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡാണ് പെണ്‍കുട്ടിയുടെ മുകളിലേക്ക് വീണത്. സംഭവം തമിഴ്‌നാട്ടില്‍ വ്യാപകമായ പ്രക്ഷോഭത്തിന് കാരണമായി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫഌക്‌സ് ബോര്‍ഡ് സംസ്‌കാരത്തിനെതിരേ തമിഴ്‌നാട്ടിലെ ചലച്ചിത്ര, സാമൂഹികരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അനധികൃതമായി ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയും വിലക്കേര്‍പ്പെടുത്തി. ഇക്കാര്യത്തില്‍ സത്വരനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News