മുസ്‌ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഗുജറാത്തില്‍ ചരിത്രത്തിലാദ്യം

24 സീറ്റുകളിലാണ് ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്.

Update: 2024-05-06 07:08 GMT

അഹമ്മദാബാദ്: ചരിത്രത്തിലാദ്യമായി ഗുജറാത്തില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികളില്ലാത്ത സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 24 സീറ്റുകളിലാണ് ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ഒരു സീറ്റില്‍ പോലും മുസ്‌ലിം സ്ഥാനാര്‍ത്ഥികളില്ല.നേരത്തെ സ്ഥിരമായി മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്ന ബറൂച്ച് ഇത്തവണ മുന്നണി ധാരണ പ്രകാരം എ.എ.പിക്ക് നല്‍കിയിരിക്കുകയാണ്. മറ്റു സീറ്റുകളില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യതയില്ലെന്നാണ് ഗുജറാത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ വജീര്‍ഖാന്‍ പഠാന്‍ പറയുന്നത്.

നേരത്തെ നവസാരി, അഹമ്മദാബാദ് എന്നിവടങ്ങളില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രി അഹമ്മദാബാദില്‍ നിന്നാണ് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നത്.

ഇത്തരം മുന്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടും ഇത്തവണ കോണ്‍ഗ്രസ് ഗുജറാത്തില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കിയില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രചരണ കമ്മിറ്റി ചുമതലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് നസീം ഖാന്‍ രാജിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗുജറാത്തിലും സമാന സാഹചര്യമാണെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വര്‍ഗീയത ഉയര്‍ത്തിയും ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിച്ചും വോട്ട് നേടുക എന്ന സംഘപരിവാര്‍ നിലപാട് തന്നെയാണ് കോണ്‍ഗ്രസും ഗുജറാത്തില്‍ നടപ്പിലാക്കുന്നത് എന്നാണ് വിമര്‍ശനം.

24 സീറ്റുകളിലാണ് ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബി.ജെ.പിക്ക് ഏകപക്ഷീയമായി വജയിക്കാനുള്ള സാഹചര്യം ഒരുക്കി നല്‍കുകയും ചെയ്തിരുന്നു. രണ്ട് സീറ്റുകളില്‍ മുന്നണി ധാരണപ്രകാരം എ.എ.പിയാണ് മത്സരിക്കുന്നത്. എ.എ.പിയുമായുള്ള സഖ്യം ഗുജറാത്തില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.





Tags:    

Similar News