ശാഹീന്‍ബാഗില്‍നിന്ന് സമരക്കാരെ ഒഴിപ്പിക്കുമെന്ന്; ഭീഷണിയുമായി ഹിന്ദുസേനാ പ്രവര്‍ത്തകര്‍ (വീഡിയോ)

ഡല്‍ഹിയില്‍ പ്രചരിച്ച വാട്‌സ് ആപ്പ് വീഡിയോകളില്‍ ശാഹീന്‍ബാഗിലെ 'തീവ്രവാദികളെ' ക്ലീന്‍ ചെയ്യുമെന്ന് ഹിന്ദുസേന, ഹനുമാന്‍സേന പ്രവര്‍ത്തകരാണ് വെല്ലുവിളി നടത്തിയത്. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം വലിയൊരു ജനക്കൂട്ടം ഞായറാഴ്ച രാവിലെ മുതല്‍ ശഹീന്‍ബാഗില്‍ തടിച്ചുകൂടിയിരുന്നു. രാവിലെ 11.30 ന് 15 ഓളം വരുന്ന ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ച് ശഹീന്‍ബാഗിലേക്ക് മാര്‍ച്ച് നടത്തി.

Update: 2020-02-02 10:55 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശാഹീന്‍ബാഗില്‍നിന്ന് സമരം നടത്തുന്നവരെ ഒഴിപ്പിക്കുമെന്ന ഭീഷണിയും വെല്ലുവിളിയുമായി ഹിന്ദുസേനാ പ്രവര്‍ത്തകര്‍ രംഗത്ത്. കൊടുംതണുപ്പിനെ പോലും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ള വലിയൊരു സമൂഹം 50 ദിവസമായി ശാഹീന്‍ബാഗില്‍ റോഡുപരോധിച്ച് സമരം നടത്തുകയാണ്. ചില തീവ്ര ഹിന്ദുത്വസംഘടനകള്‍ ഡല്‍ഹി- ഉത്തര്‍പ്രദേശ് റോഡിലെ ബ്ലോക്ക് ഞായറാഴ്ച ഞങ്ങള്‍ നീക്കുമെന്ന് കഴിഞ്ഞ രണ്ടുദിവസമായി വെല്ലുവിളികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച സമരപ്പന്തലിലെത്തിയ ഹിന്ദുത്വവാദി വെടിവയ്പ്പ് നടത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഹിന്ദുസേനയുടെ ഭീഷണിയുണ്ടായിരിക്കുന്നത്.


Full View

ഡല്‍ഹിയില്‍ പ്രചരിച്ച വാട്‌സ് ആപ്പ് വീഡിയോകളില്‍ ശാഹീന്‍ബാഗിലെ 'തീവ്രവാദികളെ' ക്ലീന്‍ ചെയ്യുമെന്ന് ഹിന്ദുസേന, ഹനുമാന്‍സേന പ്രവര്‍ത്തകരാണ് വെല്ലുവിളി നടത്തിയത്. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം വലിയൊരു ജനക്കൂട്ടം ഞായറാഴ്ച രാവിലെ മുതല്‍ ശഹീന്‍ബാഗില്‍ തടിച്ചുകൂടിയിരുന്നു. രാവിലെ 11.30 ന് 15 ഓളം വരുന്ന ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ച് ശഹീന്‍ബാഗിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍, സരിത വിഹാറില്‍വച്ച് പോലിസ് ഇവരെ വിരട്ടിയോടിച്ചു. ഒരാളെ പിടിച്ച് വണ്ടിയില്‍ കയറ്റിയപ്പോള്‍ ദേശദ്രോഹികള്‍ റോഡ് ബ്ലോക്ക് ചെയ്യുന്നതിനെതിരേ പ്രകടനം നടത്തിയ രാജ്യസ്‌നേഹികളെ അറസ്റ്റുചെയ്യുന്നോ എന്നായിരുന്നു ഇയാള്‍ പോലിസിനോട് ചോദിച്ചത്.

12 മണിയോടെ ഹിന്ദുസേനയുടെ 40 പേരുടെ മറ്റൊരു സംഘം വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം വിളിയുമായി ശാഹീന്‍ബാഗ് സമരത്തിന്റെ ബാരിക്കേഡിനും നൂറുമീറ്റര്‍ അകലെ വരെയെത്തി. തുടര്‍ന്ന് പോലിസും ഹിന്ദുസേനാ പ്രവര്‍ത്തകരും തമ്മില്‍ മുഖാമുഖം നിലയുറപ്പിച്ചു. ചാനലുകളുടെ കാമറകള്‍കണ്ട് ഇവര്‍ പിന്‍വാങ്ങി. എന്നാല്‍, ദേശദ്രോഹികളെ വെടിവയ്ക്കൂ എന്ന മുദ്രാവാക്യവുമായി 200 ഓളം ഹിന്ദുസേന പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തുകയായിരുന്നു. ശാഹീന്‍ബാഗിലേക്ക് കടത്തിവിടണമെന്നും സമരം അവസാനിപ്പിച്ചുതരാമെന്നുമായിരുന്നു ഇവരുടെ ആക്രോശം. പ്രതിഷേധവുമായെത്തിയ 200 ഓളം പേരെ പോലിസ് അറസ്റ്റുചെയ്ത് വിട്ടയച്ചു.

അതേസമയം, ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമരക്കാര്‍ക്ക് പിന്തുണയുമായി ഇടത് എംപിമാരടക്കമുള്ളവര്‍ ശാഹീന്‍ബാഗിലെത്തി. കെ കെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരാണ് പിന്തുണ അറിയിച്ചെത്തിയത്. ഭരണഘടന സംരക്ഷിക്കാനുള്ള സമരം സംരക്ഷിക്കേണ്ടത് ജനാധിപത്യസംരക്ഷണത്തിന്റെ ഭാഗമാണെന്ന് കെ സോമപ്രസാദ് എംപി പറഞ്ഞു. സമരവുമായി മുന്നോട്ടുപോവാനാണ് ഷാഹിന്‍ ബാഗ് പ്രതിഷേധക്കാരുടെ തീരുമാനം. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത് പ്രതിഷേധക്കാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹിന്ദുസേനയുടെ ഭീഷണി കൂടെ ഉയര്‍ന്ന സാഹചര്യത്തില്‍ സമരപ്പന്തലിലേക്ക് കൂടുതല്‍ പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. 

Tags:    

Similar News