പൗരത്വ ഭേദഗതി നിയമം: പ്രിയങ്ക ഗാന്ധി ഇന്ന് വാരണാസിയില്‍ പ്രതിഷേധക്കാരെ കാണും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളുടെയും മുന്നില്‍ നിന്ന പ്രിയങ്ക ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെയും പോലിസിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

Update: 2020-01-09 04:18 GMT

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റു ചെയ്യപ്പെട്ട ചെയ്ത ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയും പൗരാവകാശ പ്രവര്‍ത്തകരെയും കാണാന്‍ ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വാരണാസിയില്‍ എത്തും. സന്ദര്‍ശന വേളയില്‍ പ്രിയങ്ക രാം ഘട്ടിലെ ഗുലേറിയ കോത്തിയിലും എത്തും. ഇത് ഒരു ഹ്രസ്വ സന്ദര്‍ശനമാണെന്നും പ്രതിഷേധത്തിനിടെ അറസ്റ്റിലായവരുടെ ശബ്ദം കേള്‍ക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍, പൗരാവകാശ പ്രവര്‍ത്തകര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച മറ്റുള്ളവര്‍ തുടങ്ങിയവരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍, അക്രമത്തില്‍ കൊല്ലപ്പെട്ടവരോ പരുക്കേറ്റവരോ ആയവരുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അവര്‍ അടുത്തിടെ മീററ്റ്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സദാഫ് ജാഫറിന്റെയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ്ആര്‍ ദാരാപുരിയുടെയും കുടുംബാംഗങ്ങളെ അവര്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവര്‍ക്കും അടുത്തിടെ ജാമ്യം ലഭിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളുടെയും മുന്നില്‍ നിന്ന പ്രിയങ്ക ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെയും പോലിസിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പോലിസ് സേനയെ വര്‍ഗീയവല്‍ക്കരിക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചിരുന്നു.

Tags: