മലേഗാവ് സ്‌ഫോടനക്കേസ്: പ്രജ്ഞാസിങ് താക്കൂര്‍ കോടതിയില്‍ ഹാജരായി

Update: 2019-06-07 12:31 GMT

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന ഭോപാലില്‍ നിന്നുള്ള ബിജെപി എംപി പ്രജ്ഞാസിങ് താക്കൂര്‍ കോടതിയില്‍ ഹാജരായി. മുംബൈ എന്‍ഐഎ കോടതിയിലാണ് താക്കൂര്‍ ഹാജരായത്. സ്‌ഫോടനത്തെ കുറിച്ചോ മറ്റോ യാതൊന്നും അറിയില്ലെന്ന് ജഡ്ജിയുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി താക്കൂര്‍ പറഞ്ഞു.

രക്തസമ്മര്‍ദം പോലുള്ള അസ്വസ്ഥകളാല്‍ ബുദ്ധിമുട്ടുന്നതിനാല്‍ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും ഒഴിവാക്കി തരണമെന്നു താക്കൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. വിഷയത്തില്‍ കോടതി താക്കീത് നല്‍കിയതോടെയാണ് പ്രജ്ഞാസിങ് കോടതിയില്‍ ഹാജരായത്. ഭോപാലില്‍ നിന്നും മുംബൈയിലേക്കു യാത്ര ചെയ്യുക എന്നത് ബുദ്ധിമുട്ടാണെന്നു പ്രജ്ഞാസിങിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും വിചാരണയുടെ നിര്‍ണായക ഘട്ടമാണെന്നും പ്രതി ഹാജരാവല്‍ നിര്‍ബന്ധമാണെന്നുമായിരുന്നു കോടതി നിര്‍ദേശം.

രക്തസമ്മര്‍ദത്തിനു ചികില്‍സ തേടിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ രേഖകള്‍ താക്കൂര്‍ കോടതിയില്‍ ഹാജരാക്കിയില്ല. പാര്‍ലമന്റെിലെ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നു കാണിച്ച്, കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒരാഴ്ച ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രജ്ഞ സിങ് നേരത്തെ എന്‍ഐഎ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയും എന്‍ഐഎ ജഡ്ജി തള്ളിയിരുന്നു. 

Tags:    

Similar News