പ്രജ്ഞാസിങ് താക്കൂറിന്റെ കര്‍ക്കരെക്കെതിരായ പ്രസ്താവന രക്തസാക്ഷികളോടുള്ള അവഹേളനമെന്നു സ്വാമി അഗ്നിവേശ്

കര്‍ക്കരെ കൊല്ലപ്പെട്ടത് കര്‍മഫലമാണെന്നും കര്‍ക്കരയുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കുമെന്ന് താന്‍ ശപിച്ചിരുന്നുവെന്നുമായിരുന്നു പ്രജ്ഞാസിങിന്റെ പ്രസ്താവന

Update: 2019-04-19 15:42 GMT

ചണ്ഡിഗഡ്: മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരെയെ അപമാനിച്ച മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാസിങ് താക്കൂറിന്റെ നടപടി രാജ്യത്തെ രക്തസാക്ഷികളോടു മൊത്തത്തിലുള്ള അവഹേളനമാണെന്നു പ്രശസ്ത മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. കര്‍ക്കരെ കൊല്ലപ്പെട്ടത് കര്‍മഫലമാണെന്നും കര്‍ക്കരയുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കുമെന്ന് താന്‍ ശപിച്ചിരുന്നുവെന്നുമായിരുന്നു പ്രജ്ഞാസിങിന്റെ പ്രസ്താവന. കര്‍ക്കരെ തന്നെ ഭീഷണിപ്പെടുത്തി. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, ഇത് നിങ്ങളുടെ വംശത്തെ തന്നെ ഇല്ലാതാക്കുമെന്ന്. അതിന് ദിവസങ്ങള്‍ക്കു ശേഷം കര്‍ക്കരെയെ വെടിവച്ച് കൊന്നു. അദ്ദേഹം മരിച്ചത് കര്‍മഫലമാണെന്നുമായിരുന്നു പ്രജ്ഞാസിങിന്റെ പ്രസ്താവന. ആത്മീയ ചൈതന്യം തൊട്ടുതീണ്ടാത്തയാളാണ്പ്രജ്ഞാസിങെന്നു അവരുടെ പ്രസ്താവനയിലൂടെ വെളിപ്പെട്ടെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. സന്യാസിനിമാരുടെ വസ്ത്രം ധരിച്ചു നടക്കുന്ന അവരില്‍ ആത്മീയ ചൈതന്യം ഒട്ടുമില്ലെന്നു പ്രസ്താവനയിലൂടെ വ്യക്തമായി. വര്‍ഗീയ വിഭജനം നടത്തി തിരഞ്ഞെടുപ്പില്‍ മെച്ചമുണ്ടാക്കാനുള്ള പ്രജ്ഞാസിങിന്റെ കഴിവുകൊണ്ടു മാത്രമാണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രജ്ഞാസിങിനെ രംഗത്തിറിക്കിയതെന്നും അഗ്നിവേശ് വ്യക്തമാക്കി. ആറുപേര്‍ കൊല്ലപ്പെടുകയും നൂറുലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008 സപ്തംബര്‍ 29ലെ മലേഗാവ് സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വരാണെന്നു കണ്ടെത്തിയത് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു. മാത്രമല്ല, സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പ്രജ്ഞാസിങ് താക്കൂറിന്റേതാണെന്നു കണ്ടെത്തുകയും പ്രജ്ഞാസിങിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസന്വേഷണം തുടങ്ങി ഒന്നരമാസത്തിനു ശേഷം 2008 നവംബര്‍ 11നു നടന്ന മുംബൈ ആക്രമണത്തിനിടെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ ഏറെ ദുരൂഹതകളുണ്ടെന്നു നിരവധി പേര്‍ സംശയമുയര്‍ത്തിയിരുന്നു. 

Tags:    

Similar News