വ്യാഴാഴ്ച വരെ മൗനവ്രതവുമായി പ്രജ്ഞാ സിങ് താക്കൂര്‍

Update: 2019-05-20 14:22 GMT

ഭോപാല്‍: നിരവധി വിവാദ പ്രസ്താവനകള്‍ നടത്തി പ്രതിസന്ധിയിലായ ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥിയും 2008ലെ മാലെഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞാ സിങ് താക്കൂര്‍ മൗനവ്രതമനുഷ്ഠിക്കുന്നു. ട്വിറ്ററിലൂടെയാണ് പ്രജ്ഞാ സിങ് ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പ് തീര്‍ന്നു. ഇനി പുനരാലോചനക്കുള്ള സമയമാണ്. തന്റെ വാക്കുകള്‍ വേദനിപ്പിച്ചവരോടു ക്ഷമാപണം നടത്തുന്നു. ഇതിനെല്ലാം പരിഹാരമായി മൂന്നുദിവസം മൗനവ്രതം ആചരിക്കും- പ്രജ്ഞാസിങ് ട്വീറ്റ് ചെയ്തു. തിഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 23 വരെയാണ് മൗനവ്രതം.

ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ തികഞ്ഞ രാജ്യസ്‌നേഹിയാണെന്ന വിവാദ പ്രസ്താവന നടത്തിയ സംഭവത്തില്‍ രണ്ടാം വട്ടവും ക്ഷമാപണം നടത്തിക്കൊണ്ടുള്ള ട്വീറ്റിലാണ് പ്രജ്ഞാസിങ് ഇക്കാര്യം അറിയിച്ചത്.

മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്നായിരുന്നു പ്രജ്ഞാ സിങ് താക്കൂറിന്റെ വിവാദമായ അവസാനത്തെ പ്രസ്താവന.

നാഥുറാം ഗോഡ്‌സെ ദേശഭക്തനായിരുന്നു. ഇപ്പോഴും ദേശഭക്തനാണ്. ഇനിയും ദേശഭക്തനായി തന്നെ തുടരും. അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുന്നവര്‍ സ്വയം പരിശോധന നടത്തണം. അവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തക്കതായ മറുപടി ലഭിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

എടിഎസ് മേധാവി ഹേമന്ത് കര്‍ക്കരെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. 

Tags:    

Similar News