പൗരത്വ ബില്‍ നിയമമാകുന്നത് തടയണം: പോപുലര്‍ ഫ്രണ്ട്

ലോകസഭ പാസാക്കിയ പൗരത്വ (ഭേദഗതി) ബില്‍ കേന്ദ്രസര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്ന മതഭ്രാന്തിന്റെ പ്രതിഫലനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന.

Update: 2019-01-10 18:56 GMT

ന്യൂഡല്‍ഹി: ലോകസഭ പാസാക്കിയ പൗരത്വ (ഭേദഗതി) ബില്‍ കേന്ദ്രസര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്ന മതഭ്രാന്തിന്റെ പ്രതിഫലനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന. രാജ്യസഭയിലെ ബിജെപി ഇതര അംഗങ്ങള്‍ ഇത് നിയമമാക്കുന്നതിനെ തടയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഈ ബില്‍ മുസ്‌ലിംകളോടുള്ള തുറന്ന വിവേചനവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരുമാണ്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നു കുടിയേറുന്ന ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ സ്ഥിരമായ പൗരത്വം ബില്‍ ഉറപ്പാക്കുന്നു. അതേസമയം, മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ പ്രധാന മതവിഭാഗമായ മുസ്‌ലിംകളെ ഒഴിവാക്കുകയാണ്. പൗരത്വം നല്‍കുന്നതിന് മതം ഒരു പ്രധാനഘടകമായി പരിഗണിക്കുന്നത് രാജ്യത്തിന് അപമാനവും തികഞ്ഞ അനീതിയുമാണ്.

മറ്റനേകം രാജ്യങ്ങളില്‍ വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ കൊടിയ പീഢനങ്ങള്‍ക്കും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാവുമ്പോള്‍, നേരത്തേ പറഞ്ഞ ഏതാനും രാജ്യങ്ങളിലെ ചില മതവിഭാഗങ്ങള്‍ക്കു മാത്രം പ്രത്യേക പരിഗണന നല്‍കുന്നതിന്റെ കാരണം വിശദീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യാവകാശ തത്വങ്ങള്‍ക്കെതിരാണ് ഇത്. പ്രത്യേകിച്ച്, നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന സങ്കല്‍പ്പത്തെ ഇത് നിഷേധിക്കുന്നു.

ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടുള്ള തികച്ചും രാഷ്ട്രീയപ്രേരിതമായ ബിജെപിയുടെ നീക്കമാണിത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ബില്ലിനു പിന്നിലുള്ള അജണ്ട പൊതുസമൂഹത്തില്‍ തുറന്നുകാട്ടുകയും ഇതിനെ രാജ്യസഭയില്‍ പരാജയപ്പെടുത്തുകയും ചെയ്യണമെന്ന് മുഹമ്മദലി ജിന്ന ആവശ്യപ്പെട്ടു. മറ്റ് സാമൂഹ്യസംഘടനകള്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News