കശ്മീരികള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക: പോപുലര്‍ ഫ്രണ്ട്

ഒരു ചാവേര്‍ ബോംബര്‍ നടത്തിയ പ്രവൃത്തിയുടെ പേരില്‍ കശ്മീരിലുള്ളവരെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പഠിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന കശ്മീരികളെയും ലക്ഷ്യംവക്കുന്നത് തീര്‍ത്തും വിഭാഗീയവും അന്ധമായ മതഭ്രാന്തുമാണ്.

Update: 2019-02-18 17:55 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കും കച്ചവടക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെട്ടുവരുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അവരുടെ ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് പിന്നിലെ കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചാവേര്‍ ബോംബര്‍ നടത്തിയ പ്രവൃത്തിയുടെ പേരില്‍ കശ്മീരിലുള്ളവരെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പഠിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന കശ്മീരികളെയും ലക്ഷ്യംവക്കുന്നത് തീര്‍ത്തും വിഭാഗീയവും അന്ധമായ മതഭ്രാന്തുമാണ്.

കശ്മീര്‍ ജനതയെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമെ കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം സാധ്യമാവുകയുള്ളു. കശ്മീരികള്‍ ഇല്ലാത്ത കശ്മീര്‍ എന്ന ഔദ്യോഗികതലത്തിലുള്ള സമീപനം അവസാനിപ്പിക്കേണ്ടതുണ്ട്.

ചര്‍ച്ചകളിലൂടെ മാത്രമെ, ബോംബു സ്‌ഫോടനങ്ങളും വെടിവപ്പുകളും ഇല്ലാതാക്കി കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളു. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ലാത്ത കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കശ്മീര്‍ എന്നത് വെറും ഭൂപ്രദേശം മാത്രമല്ല, മറിച്ച് രാജ്യത്തെ മറ്റേതൊരു പ്രദേശവും പോലെ അവിടെയുള്ള ജനത കൂടി ഉള്‍പ്പെടുന്ന നാടാണ്. കശ്മീരികള്‍ ഇല്ലാത്ത കശ്മീര്‍ എന്നത് തീവ്ര വര്‍ഗീയ ശക്തികളുടെയും, തീവ്രദേശീയത ഉയര്‍ത്തിപ്പിടിക്കുന്നവരുടെയും വന്യമായ സ്വപ്‌നമാണ്. എന്നാല്‍ ഇത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍, കശ്മീര്‍ ജനത ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോള്‍, അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് തദ്ദേശിയരായ ജനങ്ങളുടെ ഉത്തരവാദിത്തമാണ്. കശ്മീരിന്റെ പേരില്‍ വലതുപക്ഷ വര്‍ഗീയ സംഘടനകള്‍ പ്രോല്‍സാഹിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്തിന്റെ സമഗ്രതയും സുരക്ഷയും തകര്‍ക്കുമെന്നും ഇ അബൂബക്കര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News