ഡല്‍ഹി കോടതി പരിസരത്തെ സംഘര്‍ഷം; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണര്‍ സഞ്ജയ് സിങ്, അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പില്‍ സ്‌പെഷ്യല്‍ കമ്മീഷണറായും ഹരേന്ദര്‍കുമാറിനെ റെയില്‍വേ ഡിസിപി ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്.

Update: 2019-11-08 04:01 GMT

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണര്‍ സഞ്ജയ് സിങ്, അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പില്‍ സ്‌പെഷ്യല്‍ കമ്മീഷണറായും ഹരേന്ദര്‍കുമാറിനെ റെയില്‍വേ ഡിസിപി ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്. റെയില്‍വേ ഡിസിപി ദിനേശ് കുമാര്‍ ഗുപ്തയെ ഉത്തരമേഖലാ അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഡല്‍ഹി ഹൈക്കോടതി ഇരുവരെയും സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം, ഒരു അഭിഭാഷകനെയും നടപടി സ്വീകരിക്കില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. ഈമാസം രണ്ടിനാണ് ഡല്‍ഹി തീസ് ഹസാരി കോടതി വളപ്പില്‍ അഭിഭാഷകരും പോലിസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലിസ് വാഹനം തട്ടിയതും പാര്‍ക്കിങ്ങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഈ അഭിഭാഷകനെ പോലിസ് ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ച് അഭിഭാഷകര്‍ തെരുവിലിറങ്ങുകയായിരുന്നു. പോലിസ് വാഹനങ്ങങ്ങളും ബൈക്കുകളും അഭിഭാഷകര്‍ കത്തിച്ചു. സംഘര്‍ഷത്തില്‍ നിരവധി പോലിസുകാര്‍ക്കും അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. അഭിഭാഷകര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി ഡല്‍ഹിയില്‍ പോലിസുകാര്‍ പണിമുടക്കി തെരുവിലിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.  

Tags:    

Similar News