പ്രധാനമന്ത്രി ഇന്ന് സൗദിയിലേക്ക്; ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കും

ചൊവ്വാഴ്ച ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനമായ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ മോദി പങ്കെടുക്കും. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തും.

Update: 2019-10-28 02:07 GMT

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. ചൊവ്വാഴ്ച ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനമായ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ മോദി പങ്കെടുക്കും. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തും.

സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ നിര്‍മിക്കുന്ന എണ്ണ ശുദ്ധീകരണശാലയുടെ തുടര്‍ നടപടിക്കുള്ള കരാര്‍ സന്ദര്‍ശനത്തില്‍ ഒപ്പു വയ്ക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറും ഒപ്പു വയ്ക്കുമെന്നാണ് വിവരം. റുപിയാ കാര്‍ഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഡിസംബറില്‍ ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസം ചെങ്കടലില്‍ നടക്കുന്നുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സമ്മേളനത്തിലെത്തുമെന്നാണ് വിവരം.

അതേസമയം, നരേന്ദ്രമോദിയുടെ വിമാനത്തിന് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. പാകിസ്താ നടപടി അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനം ആണെന്നും നടപടിക്കെതിരെ അന്തര്‍ദേശീയ സിവില്‍ ഏവിയേഷന്‍ സംഘടനയെ സമീപിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.

ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന് ആരോപിച്ചാണ് പാകിസ്താന്റെ നടപടി. ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ നേതാക്കള്‍ക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്താന്‍ അനുമതി നിഷേധിക്കുന്നത്. 

Tags:    

Similar News