സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിനെ നീക്കണമെന്ന ആവശ്യവുമായി പൈലറ്റുമാരുടെ സംഘടനകള്‍

ലാന്‍ഡിങ് അപകടത്തിന് കാരണമായോ എന്ന് വിശദമായ അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമെ പറയാന്‍ കഴിയൂ.

Update: 2020-08-11 17:25 GMT

ന്യൂഡല്‍ഹി: കരിപ്പുര്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന സുരക്ഷ കണക്കിലെടുത്ത് നിലവിലെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ (ഡിജിസിഎ) ഉടന്‍ നീക്കണമെന്ന ആവശ്യവുമായി പൈലറ്റുമാരുടെ സംഘടനകള്‍. ഈ ആവശ്യമുന്നയിച്ച് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് കത്തയച്ചു. വ്യോമയാന മേഖലയെപ്പറ്റി അറിവും പരിചയ സമ്പത്തുമുള്ള ഒരാളെ ഡിജിസിഎ സ്ഥാനത്ത് നിയമിക്കണമെന്നാണ് ആവശ്യം. അരുണ്‍ കുമാറിനെ

ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐസിപിഎ) ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് (ഐപിജി) എന്നീ സംഘടനകളാണ് വ്യോമയാന മന്ത്രിക്ക് കത്തയച്ചത്. വിമാന ദുരന്തം നടന്നതിന് തൊട്ടുപിന്നാലെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുചിതവും രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധവുമായ പരാമര്‍ശമാണ് ഡിജിസിഎ നടത്തിയതെന്ന് കത്തില്‍ ആരോപിക്കുന്നു.

ലാന്‍ഡിങ് അപകടത്തിന് കാരണമായോ എന്ന് വിശദമായ അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമെ പറയാന്‍ കഴിയൂ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത് ശരിയല്ല. വിമാന ദുരന്തങ്ങളെപ്പറ്റി അന്വേഷണം നടത്തുന്നത് ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. ഉത്തരവാദികളെ കണ്ടെത്തുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ അല്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച വ്യവസ്ഥകളടക്കം ഡിജിസിഎ ഇളവുചെയ്യുകയാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ പൈലറ്റുമാര്‍ അടക്കമുള്ളവരെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പീഡിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. ഡിജിസിഎ പോലെയുള്ള സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പകരം വ്യോമയാന മേഖലയില്‍ പരിചയ സമ്പത്തുള്ളവരെ നിയമിക്കണമെന്നും പൈലറ്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar News