യു.പിയില്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കാള്‍ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

Update: 2024-05-18 10:19 GMT

ലഖ്‌നൗ: ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാതാപിതാക്കള്‍ നേരിട്ട് ചൂടുള്ള വെയില്‍ കൊള്ളിച്ചതിനെ തുടര്‍ന്ന് നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മയ്ന്‍പുരിയിലെ ഭുഗായി ഗ്രാമത്തിലാണ് സംഭവം. അര മണിക്കൂറോളമാണ് വെറും അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ പൊരിവെയിലത്ത് വച്ചത്.

നഗരത്തിലെ രാധാ രാമന്‍ റോഡിലുള്ള ശ്രീ സായ് ഹോസ്പിറ്റലിലാണ് സംഭവം നടന്നതെന്ന് മെയിന്‍പുരി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.സി ഗുപ്ത പറഞ്ഞു. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഭുഗായി സ്വദേശിനിയായ റീതാ ദേവി അഞ്ച് ദിവസം മുമ്പാണ് ആശുപത്രിയില്‍ വച്ച് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മെയ് 15 ബുധനാഴ്ച നവജാതശിശുവിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതോടെ ഇവര്‍ ഡോക്ടറെ സമീപിച്ചു. അരമണിക്കൂറോളം കുഞ്ഞിനെ നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം.

ഡോക്ടറുടെ നിര്‍ദേശം പാലിച്ച് രാവിലെ 11.10ഓടെ കുഞ്ഞിനെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ കിടത്തിയെന്ന് വീട്ടുകാര്‍ പറയുന്നു. നല്ല വെയിലുള്ള സമയമായിരുന്നു ഇത്. 30 മിനിറ്റിനു ശേഷം കുഞ്ഞിനെ വീട്ടുകാര്‍ താഴെയിറക്കി. എന്നാല്‍, കുറച്ച് സമയത്തിന് ശേഷം കുഞ്ഞ് മരിച്ചു. കൊടുംചൂടില്‍ വച്ചതിനെ തുടര്‍ന്ന് സൂര്യാഘാതമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

അതേസമയം, കുഞ്ഞിന്റെ മരണത്തിനിടയാക്കിയ ഉപദേശം നല്‍കിയ ഡോക്ടര്‍ സംഭവത്തിന് ശേഷം ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്. കൂടാതെ, കുഞ്ഞിന്റെ മരണ ശേഷം റീതാ ദേവി നിര്‍ബന്ധിതമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.