ബിജെപിയുടെ വിഭജനരാഷ്ട്രീയം ജനങ്ങള്‍ നിരസിക്കുന്നു: സ്വര ഭാസ്‌കര്‍

തങ്ങളുടെ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുമ്പോള്‍ പൗരന്‍മാര്‍ക്ക് ആദ്യം മനസ്സിലാവില്ല, കാരണം അവര്‍ അതിനനുസരിച്ച് മാറുകയും മാറാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്ത് കഴിക്കണം, എന്ത് വായിക്കണം, ഏത് വസ്ത്രം ധരിക്കണം എന്ന് നമ്മോട് പറഞ്ഞുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്.

Update: 2020-02-05 01:15 GMT

കൊല്‍ക്കത്ത: ജനങ്ങളെ ധ്രുവീകരിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് നടി സ്വര ഭാസ്‌കര്‍. എന്നാല്‍, ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയപദ്ധതിയെ കാണാന്‍ സാധിച്ചവര്‍ ബിജെപിയെ നിരസിക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടു. 44ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്ന ഒരു സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വര ഭാസ്‌കര്‍.

തങ്ങളുടെ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുമ്പോള്‍ പൗരന്‍മാര്‍ക്ക് ആദ്യം മനസ്സിലാവില്ല, കാരണം അവര്‍ അതിനനുസരിച്ച് മാറുകയും മാറാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്ത് കഴിക്കണം, എന്ത് വായിക്കണം, ഏത് വസ്ത്രം ധരിക്കണം എന്ന് നമ്മോട് പറഞ്ഞുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്. ഇങ്ങനെ ചെറിയ കാര്യങ്ങളില്‍നിന്നാണ് ഇത് ആരംഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എന്നിരുന്നാലും ഈ രാജ്യത്തെ ജനങ്ങള്‍ ഭരണഘടന അപകടത്തിലാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും പലരും സര്‍ക്കാരിന്റെ ഈ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ നിരസിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു. അതുകൊണ്ടാണ് ശാഹീന്‍ബാഗ്, പാര്‍ക്ക് സര്‍ക്കസ് തുടങ്ങിയ സ്ഥലങ്ങള്‍ പ്രതിഷേധത്തില്‍ മുഴുകുന്നത്.

രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തിയതിന് പൗരത്വപ്രക്ഷോഭകര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. നിരവധി സംസ്ഥാനങ്ങളില്‍നിന്ന് ആള്‍ക്കൂട്ട കൊലപാതക സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍തന്നെ പ്രതിഷേധം ആരംഭിക്കേണ്ടതായിരുന്നു. അവരുടെ സമുദായത്തില്‍നിന്നുള്ള പുരുഷന്‍മാരെ കൊന്നൊടുക്കിയപ്പോള്‍ നിശബ്ദനായിരുന്ന സ്ത്രീകള്‍ ഭരണഘടന അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ട് തെരുവിലിറങ്ങി. സ്വന്തം താല്‍പര്യങ്ങള്‍ക്കല്ല, ഭാവിയിലേക്കാണ് അവര്‍ പ്രതിഷേധിക്കുന്നതെന്നും സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 

Tags: