ഐഎസ്‌ഐ സഹായത്തോടെ ഖാലിസ്ഥാന്‍ വാദികളുടെ ആയുധക്കടത്തെന്ന് റിപോര്‍ട്ട്

ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് 80 കിലോ ആയുധങ്ങളാണ് പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് എത്തിച്ചതെന്നാണു റിപോര്‍ട്ടില്‍ പറയുന്നത്.

Update: 2019-09-25 05:05 GMT

ന്യൂഡല്‍ഹി: ഐഎസ്‌ഐ സഹായത്തോടെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധക്കടത്ത് നടന്നായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ട്. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് 80 കിലോ ആയുധങ്ങളാണ് പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് എത്തിച്ചതെന്നാണു റിപോര്‍ട്ടില്‍ പറയുന്നത്. ആയുധക്കടത്തിനുപിന്നില്‍ ഖലിസ്ഥാന്‍ വാദികളായ സംഘടനകളാണെന്നും ഇവര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ് ഐയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

    ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പോലിസില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഐഎസ്‌ഐ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. കാനഡ കേന്ദ്രീകരിച്ചിട്ടുള്ള ഖലിസ്ഥാന്‍ വാദികളുടെ സംഘടനയുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് ആരോപണം. പ്രൊജക്റ്റ് ഹാര്‍വെസ്റ്റിങ് കാനഡ് എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നതെന്ന് നേരത്തേ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഖലിസ്ഥാന്‍ സായുധ സംഘടനാംഗങ്ങള്‍ക്ക് 35 വര്‍ഷമായി തുടര്‍ന്നിരുന്ന വിലക്ക് കഴിഞ്ഞയാഴ്ച ഇന്ത്യ നീക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, പ്രത്യേക സിഖ് രാജ്യം എന്ന ആവശ്യമുന്നയിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 314 പേരില്‍ 312 പേരുടെ വിലക്കാണ് നീക്കിയതെന്നായിരുന്നു റിപോര്‍ട്ട്. ഇതിനിടെയാണ്, വന്‍തോതില്‍ പഞ്ചാബിലേക്ക് ആയുധം കടത്തിയെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. രണ്ടുദിവസം മുമ്പ് പഞ്ചാബില്‍നിന്ന് എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുക്കുകയും ആക്രമണ പദ്ധതി തകര്‍ത്തതായും സുരക്ഷാ സൈന്യം അറിയിച്ചിരുന്നു.


Tags:    

Similar News