ഡല്‍ഹി മദ്യനയക്കേസ്: മൂന്ന് സംസ്ഥാനങ്ങളിലായി 35 ഇടങ്ങളില്‍ ഇഡി റെയ്ഡ്

Update: 2022-10-07 06:07 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് 35 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടക്കുന്നു. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മദ്യ കമ്പനികള്‍, വിതരണക്കാര്‍, വിതരണ ശൃംഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. അതേസമയം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള മോദി സര്‍ക്കാരിന്റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണിതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ അഞ്ഞൂറോളം ഇടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇഡിയും, സിബിഐയും റെയ്ഡുകള്‍ നടത്തിയത്. മൂന്നൂറോളം ഉദ്യോഗസ്ഥര്‍ അഹോരാത്രം പരിശ്രമിച്ചിട്ടും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരേ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണം അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല എന്നതുകൊണ്ടാണ്. ഇത്രയും ഉദ്യോഗസ്ഥരുടെ സമയം അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിനായി പാഴാക്കുന്നു. അത്തരമൊരു രാജ്യം എങ്ങനെ പുരോഗമിക്കും?'- കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

പണം വാങ്ങി സ്വകാര്യ മദ്യവ്യവസായികള്‍ക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. ഭരണകക്ഷിയായ എഎപിയും ബിജെപിയും തമ്മിലുള്ള ഏറ്റവും പുതിയ ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ് മദ്യനയത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ചില ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സിബിഐ എഫ്‌ഐആറില്‍ പ്രതികളാക്കിയതിനെത്തുടര്‍ന്നാണ് ഏറ്റുമുച്ചല്‍ ആരംഭിച്ചത്.

മദ്യനയം മദ്യവില്‍പ്പനക്കാരെ സഹായിച്ചിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കുകയാണ്. വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ ചില്ലറ വ്യാപാരികള്‍ക്ക് വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന നയത്തില്‍ വന്‍ അഴിമതിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍, തങ്ങളുടെ നയം അഴിമതി തടയുകയാണ് ലക്ഷ്യമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും എഎപി പറയുന്നു. കേസില്‍ നിരവധി തവണ റെയ്ഡുകള്‍ നടത്തിയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ആഴ്ചയാണ് മദ്യവ്യവസായി സമീര്‍ മഹേന്ദ്രുവിനെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News