എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനും കാര്‍ത്തിക്കും മുന്‍കൂര്‍ ജാമ്യം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് തള്ളിയാണ് ഡല്‍ഹി സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സൈനി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഇരുവരും ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം.

Update: 2019-09-05 10:33 GMT

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് തള്ളിയാണ് ഡല്‍ഹി സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സൈനി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഇരുവരും ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം. 3,500 കോടി രൂപയുടെ വന്‍ ഇടപാടായിരുന്നു എയര്‍സെല്‍ മാക്‌സിസ് ടെലികോം കമ്പനികളുടെ ലയനം. എന്നാല്‍ ഇതില്‍ 800 മില്യന്‍ കോടിയുടെ നിക്ഷേപം എയര്‍സെല്‍ കമ്പനിക്ക് ലഭിച്ചത് വഴിവിട്ടരീതിയിലൂടെയാണ് എന്നതാണ് കേസിനാസ്പദമായ സംഭവം.

അതേസമയം, ഐഎന്‍എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്യുന്നതിനെതിരായ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രാവിലെ സുപ്രിംകോടതി തള്ളിയിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇതെത്തുടര്‍ന്ന് ചിദംബരം ഹരജി പിന്‍വലിക്കുകയായിരുന്നു. സിബിഐ കസ്റ്റഡിയില്‍ റിമാന്‍ഡിലുള്ള ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനുള്ള തടസം നീങ്ങിയിരിക്കുകയാണ്. സിബിഐയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്തു സുപ്രിംകോടതിയില്‍ നല്‍കിയ മറ്റൊരു ഹരജിയും ചിദംബരം പിന്‍വലിച്ചിരുന്നു. ഈ കേസില്‍ ചിദംബരത്തെ തിഹാര്‍ ജയിലേക്ക് അയക്കുന്നത് സുപ്രിംകോടതി തടഞ്ഞിരിക്കുകയാണ്. 

Tags:    

Similar News