കൊവിഡ്: മരണസംഖ്യ മറച്ചുവച്ചിട്ട് ഞങ്ങള്‍ക്ക് ഒന്നും നേടാനില്ല; ആരോപണങ്ങള്‍ നിഷേധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതുവരെ കൊവിഡ്-19 സമൂഹവ്യാപനമുണ്ടായിട്ടില്ല. ഒട്ടുമിക്ക ജില്ലകളിലും കൊവിഡ് കേസുകളില്‍ കുറവുവന്നിട്ടുണ്ട്. ചെന്നൈയില്‍ ജനസാന്ദ്രത കൂടിയതിനാലാണ് കൊവിഡ് കേസുകളുടെ എണ്ണം കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-06-11 10:42 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് മരണസംഖ്യ മറച്ചുവയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ മറച്ചുവച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും നേടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടാല്‍ അത് എല്ലാവരും അറിയും. ആ വിവരം രഹസ്യമാക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ആശുപത്രികള്‍നിന്നും സ്വകാര്യാശുപത്രികളില്‍നിന്നും ലഭിക്കുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിടുന്നത്. മരണം രഹസ്യമാക്കിവയ്ക്കുന്നതിലൂടെ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും നേടാനില്ല. രാജ്യത്തുതന്നെ ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനമാണ് തമിഴ്നാട്.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ്-19 സമൂഹവ്യാപനമുണ്ടായിട്ടില്ല. ഒട്ടുമിക്ക ജില്ലകളിലും കൊവിഡ് കേസുകളില്‍ കുറവുവന്നിട്ടുണ്ട്. ചെന്നൈയില്‍ ജനസാന്ദ്രത കൂടിയതിനാലാണ് കൊവിഡ് കേസുകളുടെ എണ്ണം കൂടുതലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ചുമരിച്ചവരുടെ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചെന്നൈ കോര്‍പറേഷന്റെ മരണരജിസ്ട്രിയില്‍ രേഖപ്പെടുത്തിയ 250 ഓളം മരണങ്ങള്‍ സംസ്ഥാനത്തിന്റെ കൊവിഡ് കണക്കുകളിലില്ലെന്നാണ് കണ്ടെത്തിയത്. ഈ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതായി ഐഎഎന്‍സ് റിപോര്‍ട്ട് ചെയ്യുന്നു.

വിദഗ്ധസമിതി രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ പുറത്തുവിട്ട കണക്കുകളും സര്‍ക്കാരിന്റെ കണക്കുകളുമായി സമിതി താരതമ്യപഠം നടത്തുമെന്ന് പബ്ലിക് ഹെല്‍ത്ത് ആന്റ് പ്രിവന്റീവ് മെഡിസിന്‍ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ ടി എസ് ശെല്‍വവിനായകം പറഞ്ഞു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്നാട്. 37,000 ത്തോളംപേരാണ് ഇതുവരെ വൈറസ് ബാധിതരായത്. 326 പേര്‍ മരണപ്പെട്ടു. ഇതില്‍ 260 മരണങ്ങളും ചെന്നൈയിലാണ്. 

Tags: