ദലിതരായതിനാല്‍ നവദമ്പതികളെ ക്ഷേത്രദര്‍ശനത്തില്‍നിന്നു തടഞ്ഞു; പൂജാരി അറസ്റ്റില്‍

അഹോര്‍ സബ്ഡിവിഷനു കീഴിലുള്ള നീലകണ്ഠ് ഗ്രാമത്തിലെ ക്ഷേത്ര കാവടത്തില്‍ നവദമ്പതികളെ പൂജാരിയായ വേല ഭാരതി തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

Update: 2022-04-25 02:16 GMT

ജോധ്പൂര്‍: ദലിതരായ നവദമ്പതികളെ ജലോറിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതില്‍ നിന്ന് തടഞ്ഞ പൂജാരിയെ രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ അഹോര്‍ സബ്ഡിവിഷനു കീഴിലുള്ള നീലകണ്ഠ് ഗ്രാമത്തിലെ ക്ഷേത്ര കാവടത്തില്‍ നവദമ്പതികളെ പൂജാരിയായ വേല ഭാരതി തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇയാള്‍ ദമ്പതികളുമായി തര്‍ത്തത്തിലേര്‍പ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

തുടര്‍ന്ന് ദമ്പതികളുടെ കുടുംബാംഗങ്ങള്‍ പോലീസിനെ സമീപിക്കുകയും പട്ടികജാതിപട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പൂജാരിക്കെതിരേ കേസെടുക്കുകയുമായിരുന്നു.

'തങ്ങള്‍ പൂജാരിക്കെതിരെ എസ്‌സി/എസ്ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു,' ജലോര്‍ പോലിസ് സൂപ്രണ്ട് ഹര്‍ഷ് വര്‍ധന്‍ അഗര്‍വാല ഞായറാഴ്ച പറഞ്ഞു.

വരനായ കുക്കാ റാമിന്റെ വിവാഹഘോഷയാത്ര ശനിയാഴ്ച നീലകണ്ഠ് ഗ്രാമത്തില്‍ എത്തുകയും വിവാഹശേഷം ക്ഷേത്രത്തില്‍ നാളികേരം അര്‍പ്പിക്കാന്‍ ദമ്പതികള്‍ ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു. ഇതു പ്രകാരം 'ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ പൂജാരി ഞങ്ങളെ കവാടത്തില്‍ തടഞ്ഞു നിര്‍ത്തി നാളികേരം പുറത്ത് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തില്‍ പെട്ടവരായതിനാല്‍ ക്ഷേത്രത്തില്‍ കയറരുതെന്ന് ആവശ്യപ്പെട്ടു,' വധുവിന്റെ ബന്ധു താരാ റാം നല്‍കിയ പരാതിയില്‍ പറയുന്നു.

'ഞങ്ങള്‍ പൂജാരിയോട് ഒരുപാട് അപേക്ഷിച്ചെങ്കിലും അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു. അതിനുശേഷം ഞങ്ങള്‍ പൂജാരിക്കെതിരേ പോലിസില്‍ പരാതി നല്‍കി' -താരാ റാം പറഞ്ഞു.

Tags: