പുതിയ സിബിഐ ഡയറക്ടര്‍; ഉന്നതാധികാര സമിതി യോഗം 24ന്

പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രിംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ആലോക് വര്‍മയെ പുറത്താക്കുന്നതിനായി ചേര്‍ന്ന സമിതി യോഗത്തില്‍നിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനിന്നെങ്കിലും പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

Update: 2019-01-16 14:09 GMT

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതി ഈമാസം 24ന് യോഗം ചേരും. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രിംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ആലോക് വര്‍മയെ പുറത്താക്കുന്നതിനായി ചേര്‍ന്ന സമിതി യോഗത്തില്‍നിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനിന്നെങ്കിലും പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ആലോക് വര്‍മയെ പുറത്താക്കിയ നടപടിക്കെതിരായ കേസ് കേട്ടതിനാലാണ് ചീഫ് ജസ്റ്റിസ് ഉന്നതാധികാര സമിതിയില്‍നിന്നും വിട്ടുനിന്നത്. പകരം ജസ്റ്റിസ് എ കെ സിക്രിയെ നിയോഗിച്ചു.

ആലോക് വര്‍മയ്ക്ക് പകരം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ കാലാവധി ജനുവരി 31 വരെയാണ്. സിബിഐയുടെ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി സന്നദ്ധസംഘടനയായ കോമണ്‍ കോസ് കോടതിയെ സമീപിച്ചിരുന്നു. നിയമം അനുശാസിക്കുന്ന നടപടികള്‍ പിന്തുടര്‍ന്ന് പുതിയ സിബിഐ ഡയറക്ടറെ ഉടന്‍ നിയമിക്കാന്‍ നിര്‍ദേശിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സന്നദ്ധസംഘടനയ്ക്കുവേണ്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഹരജി അടിയന്തരമായി കേള്‍ക്കാനാവില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടുതവണ നീക്കംചെയ്ത നടപടി രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അതിനു പിന്നാലെ ആലോക് വര്‍മ സിവില്‍ സര്‍വീസില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തു. റഫാല്‍ ഇടപാടില്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് അലോക് വര്‍മയെ നീക്കിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Tags:    

Similar News