പുതിയ നിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കും: രാഹുല്‍ ഗാന്ധി

ഭരണാഘടനാ വിരുദ്ധമായ കരിനിയമങ്ങള്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം

Update: 2020-09-25 11:19 GMT

ന്യൂഡല്‍ഹി: പുതിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയര്‍ ചെയ്ത ട്വീറ്റിലൂടെയാണ് പുതിയ കര്‍ഷകബില്ലുകള്‍ക്കെതിരേ രാഹുല്‍ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടിയെ കാർഷിക ബില്ലുകളുമായി രാഹുല്‍ താരതമ്യപ്പെടുത്തി.

അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കുമെന്ന് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. ഭാരത് ബന്ദിനെ അനുകൂലിക്കുന്നതായും അദ്ദേഹം ഹാഷ്ടാഗിലൂടെ അറിയിച്ചു.

ഭരണാഘടനാ വിരുദ്ധമായ കരിനിയമങ്ങള്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ബില്ലുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന അഭിപ്രായത്തെ അനുകൂലിക്കുന്ന 18 പ്രതിപക്ഷ പാര്‍ട്ടികളും ബില്ലുകളില്‍ ഒപ്പു വെക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി അറിയിച്ചു.

പുതിയ കര്‍ഷകബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വെള്ളിയാഴ്ച തുടരുകയാണ്. പഞ്ചാബില്‍ കര്‍ഷകര്‍ മൂന്ന് ദിവസത്തെ റെയില്‍ഗതാഗതം സ്തംഭിപ്പിക്കല്‍ ഇന്നലെ ആരംഭിച്ചു. ബില്ലുകള്‍ക്കെതിരെ ശക്തമായ രാജ്യവ്യാപകപ്രതിഷേധം തടരുകയാണ്. 

Similar News