ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

ബിഎംഎസ് ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂനിയനുകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകൾ ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.

Update: 2020-01-07 02:16 GMT

തിരുവനന്തപുരം: തൊഴിലാളി യൂനിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പങ്കെടുക്കും.

ബിഎംഎസ് ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂനിയനുകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകൾ ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. കർഷകരും കർഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹർത്താലിന് ആഹ്വാനംചെയ്തിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. അവശ്യ സർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാര മേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.

തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. വിവിധ തൊഴിലാളി യൂനിയനുകളെ പ്രതിനിധാനം ചെയ്ത് എളമരം കരീം, ആർ. ചന്ദ്രശേഖരൻ, ഉദയഭാനു, അഹമ്മദ്കുട്ടി ഉണ്ണികുളം, സോണിയാ ജോർജ്, ബാബു ദിവാകരൻ, വിആർ പ്രതാപൻ, വി ശിവൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

Similar News