മോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
രാവിലെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി വാരാണസിയിലെ ബിജെപി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി വാരാണസിയിലെ ബിജെപി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും എന്‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അജയ് റായ് തന്നെയാണ് ഇത്തവണയും മോദിക്കെതിരേ മല്‍സരിക്കുക.
പ്രിയങ്കയായിരിക്കും മോദിക്കെതിരേ മല്‍സരിക്കുകയെന്നായിരുന്നു നേരത്തെ വന്ന റിപോര്‍ട്ടുകള്‍. ഇത് പ്രിയങ്ക നിഷേധിക്കുകയും ചെയ്തിരുന്നില്ല. കഴിഞ്ഞതവണ വാരാണസിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടയാളാണ് അജയ് റായ്. ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളായിരുന്നു രണ്ടാം സ്ഥാനത്തെത്തിയിരുന്നത്. വാരാണസിയില്‍ എസ്പി, ബിഎസ്പി സഖ്യസ്ഥാനാര്‍ഥിയും മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയിലും വഡോദരയിലും മോദി മല്‍സരിച്ചിരുന്നു. വാരാണസിയില്‍ 5,81,022 വോട്ടിനാണ് മോദി വിജയിച്ചത്. മെയ് 19നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.