മസ്തിഷ്‌കജ്വര മരണം: വിശദീകരണത്തിനിടെ കേന്ദ്രമന്ത്രിയുടെ ഉറക്കം; കണ്ണടച്ച് ചിന്തിക്കുകയായിരുന്നുവെന്ന് മന്ത്രി

നേരത്തേ, മസ്തിഷ്‌ക ജ്വര ചര്‍ച്ചയ്ക്കിടെ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരത്തില്‍ എത്ര വിക്കറ്റ് വീണു എന്ന് ചോദിച്ചത് വിവാദമായിരുന്നു

Update: 2019-06-17 18:16 GMT
ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറിലേറെ കുട്ടികള്‍ മരിച്ചതിനെ കുറിച്ചുള്ള വിശദീകരണത്തിനിടെ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ ഉറങ്ങിയത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിശദീകരണവുമായി മന്ത്രി രംഗത്ത്. താന്‍ ഉറങ്ങിയതല്ലെന്നും കണ്ണടച്ച് ഗാഢമായി ചിന്തിക്കുകയായിരുന്നുവെന്നും അശ്വിനി കുമാര്‍ ചൗബേ എഎന്‍ഐയോട് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ബീഹാറിലെത്തി ആശുപത്രികള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിവരിക്കുന്നതിനിടെയാണ് അശ്വിനികുമാര്‍ ഉറങ്ങിയത്. ഇതിന്റെ ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിക്കുകയും പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തതോടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, കുട്ടികളുടെ കൂട്ടമരണത്തില്‍ നാട്ടുകാരനായ അശ്വനി കുമാര്‍ ചൗബേ ഇടപെടാന്‍ വൈകിയത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പൊട്ടിത്തെറിച്ചു. വാക്കേറ്റം രൂക്ഷമായതോടെ അശ്വിനികുമാറിന്റെ കൈയില്‍നിന്ന് ഹര്‍ഷ വര്‍ധനന്‍ മൈക്ക് പിടിച്ചുമാറ്റാനും കൈ പിടിച്ച് നിയന്ത്രിക്കുകയുമായിരുന്നു.

    നേരത്തേ, മസ്തിഷ്‌ക ജ്വര ചര്‍ച്ചയ്ക്കിടെ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരത്തില്‍ എത്ര വിക്കറ്റ് വീണു എന്ന് ചോദിച്ചത് വിവാദമായിരുന്നു. മന്ത്രിയുടെ ചോദ്യവും സമീപത്തുള്ളയാള്‍ മറുപടി നല്‍കുന്നതിന്റെയും വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.




Tags:    

Similar News