എംഐ ഷാനവാസ് കറപുരളാത്ത മതേതരവാദി: എകെ ആന്റണി

ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഷാനവാസിന്റെ അസാന്നിദ്ധ്യം രാജ്യത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-11-27 16:55 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന എംഐ ഷാനവാസ് കറപുരളാത്ത മതേതരവാദിയായിരുന്നുവെന്ന് എഐസിസി പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. ഡല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന എംഐ ഷാനവാസിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതാനുഷ്ടാനാങ്ങള്‍ അനുസരിച്ച് ജീവിച്ച ശുദ്ധ മതേതരവാദിയായിരുന്നു ഷാനവാസെന്ന് ആന്റണി അനുസ്മരിച്ചു. ജനാധിപത്യവും മതേതരത്വവും അപകടത്തിലായ ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഷാനവാസിന്റെ അസാന്നിദ്ധ്യം രാജ്യത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ അന്തസത്ത മനസ്സിലാക്കി ജീവിച്ച ആളായിരുന്നു ഷാനവാസെന്ന് ചടങ്ങില്‍ സംസാരിച്ച കെ മുരളീധരന്‍ എംപി പറഞ്ഞു. മതത്തിന്റെ അന്തസത്ത മനസ്സിലാക്കിയാല്‍ ഒരിക്കലും ഒരാള്‍ക്ക് വര്‍ഗ്ഗീയ വാദിയാവാന്‍ കഴിയില്ലെന്നും മതത്തെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കാത്തവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അദ്ധ്യക്ഷത വഹിച്ചു. എംകെ രാഘവന്‍ എംപി സ്വാഗതം പറഞ്ഞു. എംപിമാരായ എളമരം കരീം, ഇടി മുഹമ്മദ് ബഷീര്‍, ആന്റൊ ആന്റണി, എന്‍കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹന്നാന്‍, ഡീന്‍ കുര്യക്കോസ്, കെ. സുധാകരന്‍, രമ്യഹരിദാസ്, മുന്‍ എംപി കെവി തോമസ്, ഫൈസല്‍ പട്ടേല്‍, കെപി നൗഷാദ് അലി എന്നിവര്‍ സംസാരിച്ചു.

Similar News