മംഗളൂരു കമ്മീഷണറെയും ഇന്‍സ്‌പെക്ടര്‍ ശാന്താറാമിനെയും സസ്‌പെന്റ് ചെയ്യണം: വസ്തുതാന്വേഷണസംഘം

പോലിസ് ബോധപൂര്‍വം കുഴപ്പമുണ്ടാക്കിയതാണ്. 200-300 ആളുകള്‍ മാത്രമേ പ്രതിഷേധത്തിന് എത്തിയിരുന്നുള്ളൂ. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ പ്രതിഷേധം മാറ്റിവച്ചതറിയാതെ വന്നവര്‍ പരിപാടി എവിടെയാണ് എന്നറിയാതെ അലഞ്ഞിരുന്നു. അവര്‍ക്ക് നേരെയാണ് പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയത്.

Update: 2020-01-04 12:26 GMT

മംഗളൂരു: ഡിസംബര്‍ 19ന് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തിയവര്‍ക്കെതിരേ മംഗളൂരുവില്‍ പോലിസ് നടത്തിയത് ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരെ ഉന്നമിട്ടുള്ള നരനായാട്ടാണെന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട വസ്തുതാന്വേഷണസംഘം കണ്ടെത്തി. രണ്ട് യുവാക്കളുടെ മരണത്തില്‍ കലാശിച്ച അക്രമങ്ങള്‍ക്ക് ഉത്തരവാദിയായ മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ ഡോ.പി എസ് ഹര്‍ഷ, ഇന്‍സ്‌പെക്ടര്‍ ശാന്താറാം കുന്തര്‍ എന്നിവരെ സസ്‌പെന്റ് ചെയ്ത് സംഭവം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള മനുഷ്യാവകാശ, പൗരസ്വാതന്ത്ര്യ സംരക്ഷണസംഘടനാ പ്രതിനിധികളാണ് സംഘത്തിലുള്ളത്.

പോലിസ് ബോധപൂര്‍വം കുഴപ്പമുണ്ടാക്കിയതാണ്. 200-300 ആളുകള്‍ മാത്രമേ പ്രതിഷേധത്തിന് എത്തിയിരുന്നുള്ളൂ. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ പ്രതിഷേധം മാറ്റിവച്ചതറിയാതെ വന്നവര്‍ പരിപാടി എവിടെയാണ് എന്നറിയാതെ അലഞ്ഞിരുന്നു. അവര്‍ക്ക് നേരെയാണ് പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയത്. പോലിസ് വെടിവയ്പ്പില്‍ മരിച്ച അബ്ദുല്‍ ജലീലും നൗഷീനും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വന്നവരായിരുന്നില്ല. ആളുകളെ ശാന്തരാക്കാന്‍ കമ്മീഷണര്‍ വിളിച്ച മുന്‍ മേയര്‍ കെ അഷറഫിനെ വരെ പോലിസ് അക്രമിച്ചു. ഇത്രനേരം വെടിവച്ചിട്ടും ഒരാള്‍പോലും വീണില്ലേ എന്ന് ആക്രോശിച്ച് ഇന്‍സ്‌പെക്ടര്‍ ശാന്താറാം ഉന്നംപിടിക്കാന്‍ നിര്‍ദേശം നല്‍കുന്ന വീഡിയോ തങ്ങള്‍ കണ്ടു.

ഇബ്രാഹിം ഖലീല്‍ മസ്ജിദിന് നേരെ കല്ലെറിഞ്ഞും കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചും വലിയ പ്രകോപനമാണ് സംഭവദിവസം വൈകീട്ട് നാലിന് പോലിസ് സൃഷ്ടിച്ചത്. അവാനി ചോക്ഷി, ക്ലിഫ്റ്റണ്‍ ഡി റൊസാരിയോ, സ്വാതി ശേഷാദ്രി, കെ എം വേണുഗോപാല്‍, ഹിമാന്‍ശു കുമാര്‍, പണ്ഡിതരാധ്യായ, വെങ്കടരാജു, വൈ ജെ രാജേന്ദ്ര, മുഹമ്മദ് നൗഫല്‍, ഉമര്‍ ഫാറൂഖ് എന്നിവരാണ് വസ്തുതാന്വേഷണസംഘത്തിലുണ്ടായിരുന്നത്. 

Tags:    

Similar News