രാഷ്ട്രപതി ഭവന് സമീപം 'ഭാരത് മാതാ കീ ജയ്' വിളിച്ച് പടക്കം പൊട്ടിക്കല്‍; സിക്കിം സ്വദേശി അറസ്റ്റില്‍

ലുട്യേന്‍സ് ഡല്‍ഹിയിലെ രാജ്പഥില്‍നിന്നാണ് സിക്കിം സ്വദേശിയായ മിസോറം സുബ്ബ (26) എന്നയാളെ പോലിസ് അറസ്റ്റുചെയ്തത്. ഇയാളുടെ മാനസികനിലയില്‍ പ്രശ്‌നങ്ങളുണ്ടെന്നു പോലിസ് പറഞ്ഞു.

Update: 2019-08-01 02:16 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന് സമീപമുള്ള പുല്‍ത്തകിടിയില്‍ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ച് പടക്കം പൊട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. ലുട്യേന്‍സ് ഡല്‍ഹിയിലെ രാജ്പഥില്‍നിന്നാണ് സിക്കിം സ്വദേശിയായ മിസോറം സുബ്ബ (26) എന്നയാളെ പോലിസ് അറസ്റ്റുചെയ്തത്. ഇയാളുടെ മാനസികനിലയില്‍ പ്രശ്‌നങ്ങളുണ്ടെന്നു പോലിസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഏഴോടെയാണ് സുബ്ബ പുല്‍ത്തകിടിയില്‍ പടക്കം പൊട്ടിച്ചത്. ഇയാള്‍ 'ഭാരത് മാതാ കീ ജയ്' എന്നു വിളിച്ചുകൊണ്ട് പടക്കം പൊട്ടിച്ച് എറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതീവസുരക്ഷാ മേഖലയിലുണ്ടായ സംഭവമായതിനാല്‍ ഡല്‍ഹി പോലിസും മറ്റു സുരക്ഷാ ഏജന്‍സികളും ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ചോദ്യംചെയ്യലില്‍നിന്ന് ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ദേശീയ പതാകകള്‍ എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്യണമെന്ന് ചോദ്യം ചെയ്യലിനിടെ ഇയാള്‍ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News