മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി; 'കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം'

രണ്ട് മണിക്കൂറോളം കൂടിക്കാഴ്ചയ്ക്കായി കാത്തുനിന്നു.

Update: 2024-09-12 16:15 GMT

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉന്നതപദവിയില്‍ മതിമറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പദവിയില്‍നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും തത്സമയസംപ്രഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. 15-ല്‍ കൂടുതല്‍ ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം കൂടിക്കാഴ്ചയ്ക്കായി കാത്തുനിന്നു. പക്ഷേ അവര്‍ സ്ഥലത്തെത്തിയില്ല. ആര്‍ജി കര്‍ ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതുപോലെ തത്സമയം സംപ്രഷണം ചെയ്യാനാവില്ലെന്നും മമത പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കായി രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പ്രതികരിച്ചത്.കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരോട് മമതാ രൂക്ഷമായി പ്രതികരിച്ചു. ഞാന്‍ രാജിവെക്കാന്‍ തയ്യാറാണ്. ആര്‍ജി കര്‍ ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കുകതന്നെയാണ് എന്റെയും ആവശ്യം, മമത പറഞ്ഞു.




Tags: