പൗരത്വ ഭേദഗതി നിയമത്തിനെതിരേ മമതയുടെ നേതൃത്വത്തില്‍ മഹാറാലി

മമതയുടെ റാലി ഭരണഘടനാവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സി എഎക്കെതിരായ റാലി നയിക്കാനൊരുങ്ങുന്നത് വേദനാജനകമാണ്, പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ നിയമമാണ്.

Update: 2019-12-16 08:19 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധറാലിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉച്ചയ്ക്ക് ഒരുമണിക്ക് കൊല്‍ക്കത്ത റെഡ് റോഡിലെ ബാബാസാഹേബ് അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ജൊറാസെങ്കോ തക്കുര്‍ബാനിയില്‍ മാര്‍ച്ച് സമാപിക്കും. ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തുടക്കം മുതല്‍ മമത ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രതിഷേധത്തിന്റെ അടുത്തപടിയെന്ന നിലയിലാണ് ഇന്ന് ഉച്ചയോടെ റാലിക്ക് തുടക്കംകുറിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പശ്ചിമബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പലയിടത്തും പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ക്കു തീയിടുകയും റെയില്‍വേ ഉള്‍പ്പടെ നിരവധി വാഹനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍, മമതയുടെ റാലി ഭരണഘടനാവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സി എഎക്കെതിരായ റാലി നയിക്കാനൊരുങ്ങുന്നത് വേദനാജനകമാണ്, പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ നിയമമാണ്. അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. തീവ്രവികാരമുണര്‍ത്തുന്നതും ഭരണഘടനാവിരുദ്ധവുമായ ഇത്തരം നടപടികളില്‍ നിന്ന് പിന്‍മാറി സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഗവര്‍ണര്‍ അറിയിച്ചു.

എന്നാല്‍, നിയമത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധറാലി സംഘടിപ്പിക്കുമെന്നും മമത ബാനര്‍ജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്‍ആര്‍സിയോ പൗരത്വ ഭേദഗതി നിയമമോ ബംഗാളില്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലന്നും ബിജെപി ഇതരസംസ്ഥാനങ്ങളിലും നിയമം നടപ്പാക്കാന്‍ കേന്ദ്രം നിര്‍ബന്ധിക്കുകയാണെന്നും മമത ആരോപിച്ചിരുന്നു. പൗരത്വ നിയമം ഇന്ത്യയെ ഭിന്നിപ്പിക്കും. ഞങ്ങള്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്ത് ഒരാള്‍ പോലും രാജ്യം വിടേണ്ടിവരില്ലെന്നും മമത പറഞ്ഞിരുന്നു.

Tags:    

Similar News