രാഷ്ട്രീയ വിമര്‍ശനങ്ങളെ രാജ്യദ്രോഹമാക്കുന്നത് ജനാധിപത്യത്തിന് അപമാനം: പിഡിപി

പൗരത്വ സമരത്തിനും ,കര്‍ഷക സമരത്തിനും നേതൃത്വം കൊടുത്തവരുടെ മേല്‍ യുഎപിഎ ഉള്‍പ്പെടെയുളള കുറ്റം ചുമത്തി തടവറകളില്‍ അടച്ച സമീപകാല സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

Update: 2021-06-11 15:54 GMT

കോഴിക്കോട്: ലക്ഷദ്വീപിന്റെ സാംസ്ക്കാരിക തനിമ നശിപ്പിക്കാനും ജനതയുടെ പൗരാവകാശങ്ങളെ ലംഘിക്കാനും നടപടി സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഭുല്‍ ഖോഡ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഐഷ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി ജനാധിപത്യത്തിന് അപമാനമാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി.

ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ രാജ്യദ്രോഹ മുദ്ര ചാര്‍ത്തുന്നത് ഫാസിസ്റ്റ് ഭരണകൂടം അവരുടെ ശൈലിയായി സ്വീകരിച്ചിരിക്കുകയാണ്. പൗരത്വ സമരത്തിനും ,കര്‍ഷക സമരത്തിനും നേതൃത്വം കൊടുത്തവരുടെ മേല്‍ യുഎപിഎ ഉള്‍പ്പെടെയുളള കുറ്റം ചുമത്തി തടവറകളില്‍ അടച്ച സമീപകാല സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

ലക്ഷദ്വീപ് ജനതയുടെ അവകാശ സംരക്ഷണത്തിനും നിലനില്പിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്ക് നേരെ കള്ളക്കേസുകള്‍ ചുമത്തി നിശ്ബ്ദമാക്കാമെന്നത് ഭരണകൂടങ്ങളുടെ വ്യാമോഹം മാത്രമാണെന്നും കൂടുതല്‍ കൂടുതല്‍ ജനാധിപത്യ വിമര്‍ശനങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്ന് വരിക തന്നെ ചെയ്യുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ പ്രസ്താവനയില്‍ പറഞ്ഞു.

ഭരണകൂടം വേട്ടയാടാന്‍ ശ്രമിക്കുന്ന ഐഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ദ്വീപ് ജനതയുടെ ജനാധിപത്യ പോരാട്ടത്തിന് ഒപ്പം നില്‍ക്കുകയും ചെയ്യേണ്ടത് ജനാധിപത്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഓരോരുത്തരുടേയും കര്‍ത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Similar News