സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബിജെപി വിട്ട് 700 പ്രവര്‍ത്തകര്‍

പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് രാജിവയ്ക്കുന്നതെന്ന് ജബല്‍പൂരിലെ മുതിര്‍ന്ന നേതാവായ ഷഫീഖ് ഹീര പറഞ്ഞു. വിവാദ ബില്ലിനെതിരായ രോഷം ഓരോ ദിവസം കഴിയുന്തോറും പൗരന്‍മാര്‍ക്കിടയില്‍ വളരുകയാണ്. അതിനാല്‍, അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് ഞങ്ങളുടെ കടമയാണ്.

Update: 2020-02-04 05:50 GMT

ഭോപാല്‍: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിലും (സിഎഎ), ദേശീയ പൗരത്വ പട്ടികയിലും (എന്‍ആര്‍സി), ദേശീയ ജനസംഖ്യാ രജിസ്റ്ററിലും (എന്‍പിആര്‍) പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് 700 ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോയത്. ബിജെപി ന്യൂനപക്ഷ സെല്ലിലെ അംഗങ്ങള്‍ അടക്കമുള്ളവരാണ് കൂട്ടത്തോടെ രാജിവച്ചവര്‍. ജബല്‍പൂര്‍ ജില്ലയിലെ ബിജെപിയുടെ ജില്ലാ അധ്യക്ഷന്‍, മുന്‍ ചാന്‍സലര്‍മാര്‍, മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളമാണ് പാര്‍ട്ടി വിട്ടത്. അതേസമയം, അവര്‍ പാര്‍ട്ടി അംഗങ്ങളല്ലെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ നിലപാട്.


 എന്നാല്‍, പാര്‍ട്ടി വിട്ടവര്‍ തങ്ങളുടെ അംഗത്വ സര്‍ട്ടിഫിക്കറ്റ് ഇതിന് മറുപടിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് രാജിവയ്ക്കുന്നതെന്ന് ജബല്‍പൂരിലെ മുതിര്‍ന്ന നേതാവായ ഷഫീഖ് ഹീര പറഞ്ഞു. വിവാദ ബില്ലിനെതിരായ രോഷം ഓരോ ദിവസം കഴിയുന്തോറും പൗരന്‍മാര്‍ക്കിടയില്‍ വളരുകയാണ്. അതിനാല്‍, അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ജനാധിപത്യം പൊതുജനങ്ങളുടെ ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ന്യൂനപക്ഷ സെല്ലിന്റെ 550 ഓളം ഭാരവാഹികളാണ് ബിജെപിയിലുള്ളത്. സംസ്ഥാന അധ്യക്ഷന്‍, സെക്രട്ടറി, ജില്ലാ മേധാവികള്‍ തുടങ്ങി 350 ലധികം പേരാണ് പാര്‍ട്ടി വിട്ടുപോയതെന്ന് മുന്‍ പാര്‍ട്ടി നേതാവ് ജാവേദ് ബെയ്ഗ് പറഞ്ഞു.

പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് 12,000- 15,000 പ്രവര്‍ത്തകരാണുള്ളത്. 70 ശതമാനം പ്രവര്‍ത്തകരും ബില്ലില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടിട്ടുണ്ട്. ഇത് തുടരുകയാണെങ്കില്‍ ബിജെപിക്ക് സംസ്ഥാനത്ത് ഒരു മുസ്‌ലിം പ്രവര്‍ത്തകരുമുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തുകൊണ്ട് മയ്ഹറിലെ ബിജെപി എംഎല്‍എയായ നാരായണ്‍ ത്രിപാഠി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ബിജെപിയും സര്‍ക്കാരും ഒന്നുകില്‍ ബി ആര്‍ അംബേദ്കറിന്റെ ഭരണഘടന പിന്തുടരണം. ഇല്ലെങ്കില്‍ അത് കീറെ ദൂരെക്കളയണം. കാരണം മതപരമായ അടിസ്ഥാനത്തില്‍ രാഷ്ട്രത്തെ വിഭജിക്കാന്‍ കഴിയില്ലെന്ന് ഭരണഘടനയില്‍നിന്ന് വ്യക്തമാണെന്ന് നാരായണ്‍ ത്രിപാഠി പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതാണ്. അതുകൊണ്ട് ബിജപിക്ക് ഗുണമുണ്ടായേക്കാം.

എന്നാല്‍ രാജ്യത്തിന് യാതൊരു ഗുണവുമുണ്ടാക്കില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ തെരുവുകളില്‍ ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യമാണുള്ളത്. ഇത് രാജ്യത്തെ നാശത്തിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച മുമ്പ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബിജെപി ന്യൂനപക്ഷ സെല്ലില്‍ അംഗങ്ങളായ മുസ്‌ലിം സമുദായത്തില്‍പ്പെട്ട 170 പേര്‍ പാര്‍ട്ടി വിട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഭോപാലില്‍ 50 പേരും ബിജെപി വിട്ടിരുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ അനിശ്ചിതകാലസമരം നടക്കുകയാണ്. ആദിവാസി മേഖലകളായ ഖാര്‍ഗോണിലും ബര്‍വാനിയും സമരം ശക്തമാണ്. 

Tags: