തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവച്ചു

Update: 2021-12-20 07:49 GMT

ന്യൂഡല്‍ഹി: വോട്ടര്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്ന 'തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍, 2021' കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതിനെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവച്ചു. സഭ ചേര്‍ന്നാലും പ്രതിപക്ഷം പ്രതിഷേധം തുടരും. പ്രതിപക്ഷ ബഹളത്തിനിടയില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്.

തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കാനാണ് ബില്ലുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇതെന്ന് കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിഷയത്തില്‍ വിശദമായ പഠനം ആവശ്യമുണ്ടെന്നും ചര്‍ച്ചകള്‍ക്ക് ശേഷമല്ലാതെ ബില്ല് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം അറിയിച്ചു. ആധാര്‍ എന്നത് താമസത്തിന്റെ തെളിവ് മാത്രമാണ്. ഇത് പൗരത്വത്തിന്റെ തെളിവല്ല. നിങ്ങള്‍ വോട്ടര്‍മാരോട് ആധാര്‍ ചോദിക്കുന്ന അവസ്ഥയിലാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് പൗരത്വമല്ല, താമസസ്ഥലത്തെ പ്രതിഫലിപ്പിക്കുന്ന ഒരു രേഖയാണ്- കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞു.

ആധാര്‍ കൊണ്ടുവന്നത് തന്നെ വിവിധ പദ്ധതികളുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ്. പിന്നെ അതിനെയെങ്ങനെ വോട്ടര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതെന്നും ബില്ല് സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി അംഗങ്ങള്‍ നല്‍കിയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് രാജ്യസഭയും ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

Tags:    

Similar News