ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍

ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വിശദീകരണം തേടിയപ്പോഴാണ് ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചത്.

Update: 2020-06-12 09:11 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലും ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വിശദീകരണം തേടിയപ്പോഴാണ് ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചത്. ഡല്‍ഹിയില്‍ നിലവില്‍ 35,000 ഓളം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,085 പേര്‍ മരിക്കുകയും ചെയ്തു. ജൂലായ് 31 ഓടെ 5.5 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഹാരാഷ്ട്രയ്ക്കും തമിഴ്നാട്ടിനും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധയുള്ള നഗരമാണ് ഡല്‍ഹി.

നേരത്തെ ഡല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവച്ചതായി മുനിസിപ്പല്‍ കോര്‍പറേഷന്‍ കുറ്റപ്പെടുത്തിരുന്നു. രോഗവ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ കര്‍ശനമായ അടച്ചിടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ അനിര്‍ബാന്‍ മണ്ഡല്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കി. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ ആരാധനാലയങ്ങളും മാളുകളും ഭക്ഷണശാലകളുമൊക്കെ തുറക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയുമൊക്കെ ചെയ്തതോടെ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം കൂടാന്‍ കാരണമായതായാണ് പൊതുതാല്‍പര്യ ഹരജിയിലെ വാദം. അതുകൊണ്ടുതന്നെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കര്‍ശനമായ അടച്ചിടല്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News