ലോക്ക് ഡൗണ്‍: റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ചുനല്‍കണം; ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

സുപ്രിംകോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ബി ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Update: 2020-04-27 14:42 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുകയും വിമാനകമ്പനികള്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ.ജോസ് എബ്രഹാം നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചു. കൊവിഡ് 19 പ്രതിസന്ധി മൂലം രാജ്യാന്തരതലത്തില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ വിമാനകമ്പനികള്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവനായി മടക്കിനല്‍കാത്തതിനെത്തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു.

തുടര്‍ന്ന് ഏപ്രില്‍ 16ന് വ്യോമയാനമന്ത്രാലയം ഒരു ഉത്തരവ് ഇറക്കുകയും അതുപ്രകാരം ലോക്ക് ഡൗണിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും റദ്ദാക്കിയവര്‍ക്കും മുഴുവന്‍ തുകയും വിമാനകമ്പനികള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. പക്ഷെ, ഈ ആനുകൂല്യം ലോക്ക് ടൗണിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കിട്ടിയിരുന്നില്ല. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ ആഭ്യന്തര, അന്താരാഷ്ട്രയാത്രകള്‍ക്ക് വളരെ മുമ്പുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നു. ഇവര്‍ക്കെല്ലാം ഈ അനുകൂല്യം കിട്ടാത്തതിനെത്തുടര്‍ന്നാണ് അടിയന്തരമായി കോടതി ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് നല്‍കണമെന്നും ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

മാര്‍ച്ച് 25നുശേഷം ലോക്ക് ഡൗണ്‍ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്ത യാത്രക്കാര്‍ക്ക് മാത്രം മുഴുവന്‍ തുകയും തിരിച്ചു നല്‍കുകയും ലോക്ക് ടൗണിനു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കാതിരിക്കുകയും ചെയ്യുന്നത് ഏകപക്ഷീയമായ നടപടിയാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഹരജി പരിഗണിക്കവെ പരാമര്‍ശിച്ചു. ഇതെത്തുടര്‍ന്ന് മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു. സുപ്രിംകോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ബി ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 

Tags: