ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രിംകോടതിയില്‍

ഹരജി അടിയന്തരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് നാളെ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കും.

Update: 2021-01-13 17:19 GMT

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി അടിയന്തരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് നാളെ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കും. ഹരജി തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ലൈഫ് മിഷന്‍ സിഇഒ യു വി ജോസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ലൈഫ് മിഷനില്‍ എഫ്‌സിആര്‍എ ലംഘനമുണ്ടായെന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണ്. അനില്‍ അക്കരയുടെ പരാതിയില്‍ ത്വരിതപരിശോധന നടത്താതെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഹരജിയില്‍ കേരളം ആരോപിച്ചിട്ടുണ്ട്.

സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും കരാര്‍ കമ്പനി ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹരജികളാണ് ജസ്റ്റിസ് പി സോമരാജന്‍ ചൊവ്വാഴ്ച തള്ളിയത്. യുഎഇ കോണ്‍സുലേറ്റുമായി പദ്ധതിയ്ക്ക് ധാരണാപത്രമുണ്ടാക്കിയതില്‍തന്നെ ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ അഴിമതിയുണ്ടായെന്ന് മനസ്സിലാക്കുന്നു, ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത്.

Tags: