ലോക്‌സഭാ തിരഞ്ഞെടുപ്പ്: തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് പോപുലര്‍ ഫ്രണ്ട്

ശക്തമായ വര്‍ഗീയപ്രചാരണത്തിന്റെയും ആര്‍എസ്എസ്- ബിജെപി തന്ത്രങ്ങളെ ഉചിതമായ നിലപാടെടുത്ത് ചെറുക്കുന്നതില്‍ മതേതരപാര്‍ട്ടികള്‍ക്കുണ്ടായ പരാജയവുമാണ് ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയത്.

Update: 2019-05-23 17:43 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയം മതേതരരാഷ്ട്രീയത്തിനുണ്ടായ ആത്യന്തികമായ പരാജയമല്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ്. ശക്തമായ വര്‍ഗീയപ്രചാരണത്തിന്റെയും ആര്‍എസ്എസ്- ബിജെപി തന്ത്രങ്ങളെ ഉചിതമായ നിലപാടെടുത്ത് ചെറുക്കുന്നതില്‍ മതേതരപാര്‍ട്ടികള്‍ക്കുണ്ടായ പരാജയവുമാണ് ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയത്. ഇത്തരം വിജയങ്ങള്‍ക്കിടയിലും മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് സ്വഭാവങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന ആശയം നിലനില്‍ക്കുമെന്നും സെക്രട്ടേറിയറ്റ് യോഗം ചൂണ്ടിക്കാട്ടി.

എല്ലാ മേഖലയിലും സമ്പൂര്‍ണമായി പരാജയപ്പെട്ട ഒരു സര്‍ക്കാരിനു നേതൃത്വം കൊടുത്ത ബിജെപിയുടെ വിജയം സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അഞ്ചുവര്‍ഷത്തെ ജനവിരുദ്ധ ഭരണത്തിനുശേഷവും രാജ്യത്തെ ഒരു നിര്‍ണായക ജനവിഭാഗത്തിന്റെ പിന്തുണ നേടാന്‍ ബിജെപിക്ക് കഴിഞ്ഞത് വികസനവിഷയങ്ങളുടെ മേല്‍ വര്‍ഗീയവിദ്വേഷം നേടിയ വിജയമാണ് കാണിക്കുന്നത്. നേതാക്കള്‍ക്കിടയിലുള്ള വിലകുറഞ്ഞ പടലപ്പിണക്കവും സ്വാര്‍ഥതയും അഭിപ്രായഭിന്നതകളും മാറ്റിവച്ച് യോജിച്ച പോരാട്ടത്തിന് തയ്യാറാവാതെ മതേതരപാര്‍ട്ടികള്‍ 2014 ലെ തെറ്റ് ആവര്‍ത്തിച്ചിരിക്കുകയാണ്. മറുവശത്ത് താഴെത്തട്ടില്‍ നടത്തിയ വര്‍ഗീയപ്രചാരണത്തിനു പുറമേ, പരമാവധി പ്രാദേശിക പാര്‍ട്ടികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും എന്‍ഡിഎ ശ്രമിച്ചു.

യുപിയും ഡല്‍ഹിയും പോലുള്ള സംസ്ഥാനങ്ങളില്‍ പരസ്പരം മല്‍സരിക്കുന്നതിനു പകരം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചുനിന്നിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാവുമായിരുന്നു. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ അവര്‍ക്ക് വിശാലസഖ്യം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് തിരഞ്ഞെടുപ്പിനുശേഷം മാത്രമാണെന്നത് വിരോധാഭാസമാണ്. ബിജെപിയെ പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്വം ഒരിക്കല്‍കൂടി ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവച്ച് മതേതരശക്തികള്‍ നിരവധി മണ്ഡലങ്ങളില്‍ പരസ്പരം മല്‍സരിച്ചത് ന്യൂനപക്ഷങ്ങളെ കൂടുതല്‍ വിഷമത്തിലാക്കി. ഈ തിരഞ്ഞെടുപ്പ് എല്ലാവരുടെ കണ്ണുതുറപ്പിക്കുന്നതാവണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യത്തിനു നിലനില്‍ക്കാനാവുക. ജനങ്ങളുടെ അവകാശവും ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് ഇരുവിഭാഗങ്ങളും ബാധ്യസ്ഥരാണ്. വര്‍ഗീയരാഷ്ട്രീയത്തിന്റെ ഇരകളാക്കപ്പെടുന്ന വിഭാഗങ്ങള്‍ സാമൂഹ്യമാറ്റത്തിനു വേണ്ടി നടത്തപ്പെടുന്ന ശ്രമങ്ങള്‍ നിരാശയില്‍ അകപ്പെടില്ല. രാജ്യത്തെ അനുകൂലമായ ഘടകങ്ങള്‍ ഉപയോഗപ്പെടുത്തി സ്വയം ശാക്തീകരിക്കപ്പെടാനുള്ള ശ്രമങ്ങള്‍ ഇരകളാക്കപ്പെട്ടവരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങള്‍ തുടരേണ്ടതുണ്ട്.

സ്വേച്ഛാധിപത്യത്തില്‍നിന്നും മുതലാളിത്വത്തില്‍ നിന്നും വര്‍ഗീയതയില്‍നിന്നും രാജ്യത്തെ സ്ഥിരമായി മോചിപ്പിക്കാന്‍, ആദര്‍ശപരമായ സമര്‍പ്പണവും സുശക്തമായ നിലപാടുകളുമുള്ള രാഷ്ട്രീയശക്തിയും നേതൃത്വവും ഉയര്‍ന്നുവരേണ്ടതുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയും അവകാശങ്ങളും ആസ്വദിക്കാന്‍ കഴിയുന്ന നിലയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ രാഷ്ട്രീയമായി ശാക്തീകരിക്കുകയെന്ന ദൗത്യവുമായി പോപുലര്‍ ഫ്രണ്ട് ശക്തമായി മുന്നോട്ടുപോവുമെന്നും സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി. 

Tags:    

Similar News