കര്‍ണാടകയില്‍ മന്ത്രിയുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഓഫിസ് താല്‍ക്കാലികമായി അടച്ചു. ഓഫിസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പോലിസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

Update: 2020-06-23 04:13 GMT

ബംഗളൂരു: കര്‍ണാടക ആരോഗ്യ, വിദ്യാഭ്യാസ മന്ത്രി ഡി കെ സുധാകറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 82 വയസുള്ള മന്ത്രിയുടെ പിതാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് മറ്റു കുടുംബാംഗങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പരിചാരകനില്‍നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമികനിഗമനം.

അതേസമയം, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഓഫിസ് താല്‍ക്കാലികമായി അടച്ചു. ഓഫിസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പോലിസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഓഫിസില്‍ ഇന്ന് അണുനശീകരണം നടത്തും. കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്റെ ബംഗളൂരുവിലെ വീടും രോഗിയുടെ സമ്പര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 36 പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍. നിരീക്ഷണം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. കര്‍ണാടകത്തില്‍ ഇതുവരെ 9,399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 142 പേര്‍ മരിക്കുകയും ചെയ്തു.

Tags:    

Similar News