കേരളത്തിലെ രോഗികളെ ചികില്‍സിക്കരുതെന്ന ഉത്തരവ് തിരുത്തി കര്‍ണാടക

കര്‍ണാടക ഇതുസംബന്ധിച്ച നിര്‍ദേശം ആശുപത്രികള്‍ക്ക് രേഖാമൂലം നല്‍കി. ഏപ്രില്‍ രണ്ടിനാണ് കേരളത്തില്‍നിന്നുള്ള രോഗികള്‍ക്കും വാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

Update: 2020-04-04 09:02 GMT

ബംഗളൂരു: കേരളത്തില്‍നിന്നുള്ള രോഗികളെ ചികില്‍സിക്കരുതെന്ന വിവാദ ഉത്തരവ് തിരുത്തി കര്‍ണാടക. ദക്ഷിണ കന്നഡ ഡിഎംഒയാണ് പഴയ ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കിയത്. മംഗളൂരുവിലെ ആശുപത്രികളില്‍ കേരളത്തില്‍നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ ഉത്തരവ്. കര്‍ണാടക ഇതുസംബന്ധിച്ച നിര്‍ദേശം ആശുപത്രികള്‍ക്ക് രേഖാമൂലം നല്‍കി. ഏപ്രില്‍ രണ്ടിനാണ് കേരളത്തില്‍നിന്നുള്ള രോഗികള്‍ക്കും വാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

കര്‍ണാടക അതിര്‍ത്തിയടച്ച് രോഗികള്‍ക്ക് ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്നു കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കാസര്‍ഗോഡ്- മംഗളൂരു ദേശീയപാത അടയ്ക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ കര്‍ണാടക സുപ്രിംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. ചികില്‍സ നിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതിയും വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദേശം.

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ചികില്‍സ നിഷേധിച്ചതെന്നാണ് കര്‍ണാടകയുടെ വാദം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വിലക്കെന്നും കര്‍ണാടക വ്യക്തമാക്കിയിരുന്നു. കാസര്‍ഗോഡുനിന്നുള്ള രോഗികളെ അവിടെത്തന്നെ ചികില്‍സിക്കണമെന്നും കര്‍ണാടക ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ഉത്തരവിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു. 

Tags:    

Similar News