ജെഎന്‍യു അക്രമം: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്

പെരിയാര്‍ ഹോസ്റ്റലില്‍ നടന്നുവെന്ന് പറയപ്പെടുന്ന അക്രമണത്തെക്കുറിച്ചുമാത്രം പരാമര്‍ശിക്കുന്ന യൂനിവേഴ്‌സിറ്റിയുടെ മറുപടിയില്‍ സബര്‍മതി ഹോസ്റ്റലില്‍ മുതിര്‍ന്ന വനിതാ അധ്യാപകര്‍ക്കും പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കും നേരെ മുഖംമൂടി ധരിച്ച അക്രമകാരികള്‍ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെപ്പറ്റി ഒരുവാക്ക് പോലും ഉള്‍പ്പെടുത്തിയിട്ടില്ല.

Update: 2020-02-03 13:47 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ജനുവരി അഞ്ചിന് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ മുഖംമൂടി ധരിച്ച അക്രമികള്‍ നടത്തിയ ആക്രമണങ്ങളെ സംബന്ധിച്ച അയഥാര്‍ഥമായ വിവരങ്ങളാണ് ലോക്‌സഭയ്ക്കുപോലും നല്‍കുന്നെതെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി. ഈ വിഷയത്തില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല, സര്‍ക്കാരിന്റെയും ജെഎന്‍യുവിന്റെയും മറുപടി അനവധി മാധ്യമറിപോര്‍ട്ടുകള്‍ക്കും സ്വതന്ത്ര അന്വേഷണ കമ്മിറ്റികള്‍ക്കും മുന്നില്‍ അനവധി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ വിവരങ്ങള്‍ക്കും കടകവിരുദ്ധമാണെന്നും ജെഎന്‍യു അക്രമസംഭവത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ പോലും മോദിസര്‍ക്കാര്‍ ഭയക്കുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

പെരിയാര്‍ ഹോസ്റ്റലില്‍ നടന്നുവെന്ന് പറയപ്പെടുന്ന അക്രമണത്തെക്കുറിച്ചുമാത്രം പരാമര്‍ശിക്കുന്ന യൂനിവേഴ്‌സിറ്റിയുടെ മറുപടിയില്‍ സബര്‍മതി ഹോസ്റ്റലില്‍ മുതിര്‍ന്ന വനിതാ അധ്യാപകര്‍ക്കും പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കും നേരെ മുഖംമൂടി ധരിച്ച അക്രമകാരികള്‍ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെപ്പറ്റി ഒരുവാക്ക് പോലും ഉള്‍പ്പെടുത്തിയിട്ടില്ല. യൂനിവേഴ്‌സിറ്റിയുടെ ഈ നടപടി കുറ്റകൃത്യങ്ങള്‍ നടത്താന്‍ വെളിയില്‍നിന്നെത്തിയ അക്രമികള്‍ക്കും ബിജെപി ഭരണകക്ഷി അനുകൂലസംഘടനയായ എബിവിപിയുടെയും ഒത്താശചെയ്യലാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രസ്തുത ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കു പരുക്കുപറ്റിയെന്നു പറയുന്ന ജെഎന്‍യു അധികൃതര്‍, അതേസമയം, വിദ്യാര്‍ഥികള്‍ക്ക് നേരെ അവരുടെ ഭാഗത്തുനിന്നും നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ മനപ്പൂര്‍വം മറച്ചുപിടിക്കുന്നു. 

ഇത്തരത്തിലാണ് വസ്തുതകളെ വളച്ചൊടിക്കാന്‍ ജെഎന്‍യു അധികൃതരും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍ അത് തന്നെയാണ് ജെ. എന്‍യു അക്രമസംഭവത്തിന് പിന്നിലെ പോലിസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനും കാരണം. ജെഎന്‍യുവില്‍ ഇപ്പോഴുള്ള വൈസ് ചാന്‍സലറുടെ കാലയളവില്‍ നടന്ന നിയമനങ്ങളെ സംബന്ധിച്ചുള്ള തന്റെ ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നതും അത് ജെഎന്‍യുവില്‍ ആര്‍എസ്എസ്- സംഘപരിവാര്‍ ആഭിമുഖ്യമുള്ള അധ്യാപകരുടെ നിയമനം നടക്കുന്നുവെന്ന ആരോപണം സാധൂകരിക്കുന്നതാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സര്‍വകലാശാലകളെ അറിവിന്റെ ഇരിപ്പിടങ്ങളെന്ന ശ്രേഷ്ഠപദവിയില്‍നിന്നും അക്രമത്തിന്റെ അധപ്പതിച്ച ഇടങ്ങളാക്കി ചുരുക്കുകയാണ് മോദി സര്‍ക്കാരെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. 

Tags:    

Similar News