ജയലളിതയുടെമരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്ന് സുപ്രിംകോടതിയുടെ സ്‌റ്റേ

Update: 2019-04-26 08:01 GMT

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ജയലളിതയെ ചികില്‍സിച്ച അപ്പോളോ ആശുപത്രി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കമ്മീഷന്റെ നടപടിക്രമങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹത്തെ പിരിച്ച് വിടാന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ നാലിനാണ് അറുമുഖസ്വാമി കമ്മീഷനു അന്വേഷണം തുടരാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കുന്നതായും കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു അപ്പോളോ ആശുപത്രി അധികൃതര്‍ നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ ഹര്‍ജി തള്ളിയിരുന്നു. തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ജയലളിതയ്ക്ക് നല്‍കിയ ചികില്‍സയെന്നാണ് അന്വേഷണ കമ്മീഷന്റെ ആരോപണം. ജയലളിത ചികില്‍സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷന്‍ ആരോപണം ഉന്നയിച്ചിരുന്നു.

Tags:    

Similar News