കശ്മീര്‍ നിയന്ത്രണം: കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടിവരും

കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. പ്രത്യേക പദവി റദ്ദാക്കിയശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരം നല്‍കേണ്ടിവരുമെന്ന് കോടതി പറഞ്ഞു.

Update: 2019-11-21 07:43 GMT

ന്യൂഡല്‍ഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ കേസ് ഗൗരവമായല്ല കാണുന്നതെന്ന് ജസ്റ്റിസ് എന്‍ വി രമണ കുറ്റപ്പെടുത്തി. കേസിലെ കക്ഷികള്‍ക്ക് ജമ്മു കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ട് എന്തുകൊണ്ട് നല്‍കിയില്ലെന്നും കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. പ്രത്യേക പദവി റദ്ദാക്കിയശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരം നല്‍കേണ്ടിവരുമെന്ന് കോടതി പറഞ്ഞു.

കേസിലെ കക്ഷികള്‍ വളരെ വിശദമായാണ് വാദങ്ങള്‍ നടത്തിയത്. അതിന് കേന്ദ്രം നല്‍കിയ മറുപടി തൃപ്തികരമല്ല. കേസില്‍ കേന്ദ്രം ഗൗരവം കാട്ടുന്നില്ലെന്ന തോന്നലുണ്ടാക്കരുത്. ഹരജിക്കാര്‍ ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും നിങ്ങള്‍ ഉത്തരം നല്‍കേണ്ടിവരും. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്ന് ഒരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ലെന്നും ജസ്റ്റിസുമാരായ ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഹരജിക്കാര്‍ ഉന്നയിച്ച മിക്ക കാര്യങ്ങളും തെറ്റാണെന്നും കോടതിയില്‍ വാദിക്കുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. തന്റെ പക്കല്‍ തല്‍സ്ഥിതി റിപോര്‍ട്ടുണ്ട്.

എന്നാല്‍, ജമ്മു കശ്മീരിലെ സ്ഥിതി ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നതിനാല്‍ കോടതിയില്‍ ഇത് സമര്‍പ്പിച്ചിട്ടില്ല. കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്ത് കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. അതേസമയം, ജമ്മു കശ്മീരിലെ കരുതല്‍ തടങ്കല്‍ കേസുകളൊന്നും പരിഗണിക്കില്ലെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കി. സഞ്ചാരസ്വാതന്ത്ര്യം, മാധ്യമങ്ങളുടെ നിയന്ത്രണം തുടങ്ങിയവ സംബന്ധിച്ച് അനുരാധ ഭാസിന്‍, ഗുലാം നബി ആസാദ് എന്നിവര്‍ ഹരജിക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരേസമയം ജമ്മു കശ്മീര്‍ ഹൈക്കോടതിക്കെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നു. ഇപ്പോള്‍ അവര്‍ ഹൈക്കോടതിയില്‍നിന്ന് പിന്‍മാറിയിട്ടുണ്ട്. ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും ബെഞ്ച് വ്യക്തമാക്കി. 

Tags:    

Similar News