കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം പിന്‍വലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്

കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച നടപടി തെറ്റും വിവേകശൂന്യവുമായ നടപടിയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ മൗലാന സെയ്ദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു.

Update: 2019-03-02 15:34 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവശ്യപ്പെട്ടു. കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച നടപടി തെറ്റും വിവേകശൂന്യവുമായ നടപടിയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ മൗലാന സെയ്ദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും സാമൂഹിക പരിഷ്‌കരണ, ജീവകാരുണ്യ രംഗത്തും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കശ്മീരി ജമാഅത്തെ ഇസ്ലാമി. ഈ രംഗങ്ങളില്‍ സംസ്ഥാനത്ത് സംഘടന വഹിക്കുന്ന പ്രാധാന്യം മനസ്സിലാക്കി നിരോധനം പിന്‍വലിക്കണം. അത്തരമൊരു നടപടി കശ്മീരി ജനതയ്ക്ക് ഗുണപരമായ സന്ദേശം നല്‍കുമെന്നും ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കശ്മീരി നേതാക്കള്‍ക്കും സംഘടനകള്‍ക്കുമെതിരേ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് കശ്മീരി ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ യുഎപിഎ പ്രകാരം നിരോധിച്ചത്. സംഘടന ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. നിരോധനത്തിനെതിരേ മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ള കശ്മീരി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷ അന്തരീക്ഷത്തില്‍ അയവ് വന്നതിനെ ജമാഅത്തെ ഇസ്ലാമി സ്വാഗതം ചെയ്തു. രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെ ആളിക്കത്തിക്കുന്ന രീതിയിലുള്ള മാധ്യമങ്ങളുടെ റിപോര്‍ട്ടിങിനെ സംഘടന അപലപിച്ചു. 

Tags:    

Similar News