ഭയപ്പെടേണ്ടെന്ന് അസം ജനതയ്ക്ക് മോദിയുടെ ട്വീറ്റ്; ഇത് വായിക്കാന്‍ അവിടെ ഇന്റര്‍നെറ്റില്ലെന്ന് കോണ്‍ഗ്രസ്

പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭം അസമില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.

Update: 2019-12-12 09:50 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ അസം ജനത ഭയപ്പെടേണ്ടതില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്ത്. ബില്ലിനെതിരേ അസമില്‍ പ്രക്ഷോഭം അനിയന്ത്രിതമായ സംഘര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബില്‍ പാസായതില്‍ അസമിലെ സഹോദരീ സഹോദരന്‍മാര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ആരും നിങ്ങളുടെ അവകാശങ്ങളും സ്വത്വവും സംസ്‌കാരവും കവര്‍ന്നെടുക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കാന്‍ ആഗ്രഹിക്കുന്നു. അത് തുടര്‍ന്നും തഴച്ചുവളരുക തന്നെ ചെയ്യും- പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി. എന്നാല്‍, മോദിയുടെ ഈ ട്വീറ്റ് വായിച്ച് സമാധാനിക്കാന്‍ അവിടെയുള്ള ജനങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍ കഴിയില്ലല്ലോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്രോള്‍.

കാരണം അവിടെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റില്ലാതെ എങ്ങനെ ട്വീറ്റ് വായിക്കും. ട്വീറ്റ് വായിക്കാതെ എങ്ങനെ സമാധാനിക്കും. അവിടെ ഇന്റര്‍നെറ്റില്ലാത്ത കാര്യം മോദിജി മറന്നോയെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചോദിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭം അസമില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. കൂടാതെ ജമ്മു കശ്മീരില്‍നിന്ന് പിന്‍വലിച്ച സൈന്യത്തെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്. അസമില്‍ ഉള്‍ഫ ബന്ദ് തുടരുകയാണ്. ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞയും പ്രഖ്യാപിച്ചു. 10 ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  

Tags:    

Similar News