റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു

ഇതാദ്യമായാണ്, റിപ്പബ്ലിക് ദിനത്തില്‍ അമര്‍ജവാന്‍ ജ്യോതിക്ക് പകരം ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നത്. പരേഡ് കമാന്‍ഡര്‍ ലെഫ് ജനറല്‍ അസിത് മിസ്ത്രിയില്‍നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു.

Update: 2020-01-26 07:14 GMT

ന്യൂഡല്‍ഹി: 71ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യതലസ്ഥാനത്തെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ഇതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക് രാജ്പഥില്‍ തുടക്കമായത്. സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം എം നര്‍വണെ, നാവികസേനാ മേധാവി കരംബീര്‍ സിങ്, വ്യോമസേനാ മേധാവി ആര്‍ കെ എസ് ഭാദുരിയ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇതാദ്യമായാണ്, റിപ്പബ്ലിക് ദിനത്തില്‍ അമര്‍ജവാന്‍ ജ്യോതിക്ക് പകരം ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നത്. പരേഡ് കമാന്‍ഡര്‍ ലെഫ് ജനറല്‍ അസിത് മിസ്ത്രിയില്‍നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു.


 ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോയാണ് റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി. ഇത് മൂന്നാംതവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തുന്നത്. ഇതിന് മുമ്പ് 1996, 2004 വര്‍ഷങ്ങളിലും ഇന്ത്യ റിപ്പബ്ലിക് ദിനത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റുമാര്‍ക്ക് ആതിഥ്യമരുളിയിരുന്നു. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് രാജ്പഥില്‍ നടന്നത്. 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറല്‍ അസിത് മിസ്ത്രിയാണ് നയിച്ചത്.

സൈനികശക്തിയും സാംസ്‌കാരികവൈവിധ്യവും സാമൂഹികസാമ്പത്തിക പുരോഗതിയും വിളിച്ചോതുന്നതായിരുന്നു രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡ്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ ചടങ്ങിന് മിഴിവേകി. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഒരുക്കുന്ന ആകാശ കാഴ്ചകളും മുഖ്യആകര്‍ഷണമായി.


 ചടങ്ങുകള്‍ 11.45ന് അവസാനിച്ചു. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ആറുതലത്തിലുള്ള കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഡല്‍ഹിയില്‍ ഒരുക്കിയിരുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഭാര്യ ഗുര്‍ശരണ്‍ കൗര്‍, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. 

Tags:    

Similar News