കൊളംബോ ആക്രമണം: 10 ദിവസം മുമ്പ് ഇന്ത്യ കൃത്യമായ മുന്നറിയിപ്പ് നല്‍കി; എന്നിട്ടും ശ്രീലങ്ക അവഗണിച്ചെന്ന് റിപോര്‍ട്ട്

ആക്രമണത്തിനു പിന്നിലുള്ള സംഘം, തലവന്റെ പേര്, മറ്റ് അംഗങ്ങളുടെ പേരുകള്‍ തുടങ്ങി വിശദമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയതെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. മൂന്നു പേജിലാണ് വിശദമായ കുറിപ്പ് ഇന്ത്യ കൈമാറിയത്. ആക്രമണം നടത്തുന്നവരുടെ ഒളിസങ്കേതം, ഇതിന്റെ വിലാസം, ഫോണ്‍നമ്പറുകള്‍, പശ്ചാത്തലം എന്നിവയും കുറിപ്പില്‍ വിശദമായി പറയുന്നുണ്ട്.

Update: 2019-04-25 04:21 GMT

കൊളംബോ: ഈസ്റ്റര്‍ ദിനം കൊളംബോയിലുണ്ടായ ആക്രമണം സംബന്ധിച്ച് 10 ദിവസം മുമ്പുതന്നെ ഇന്ത്യ വിശദവും കൃത്യവുമായ രഹസ്യാന്വേഷണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപോര്‍ട്ട്. ആക്രമണത്തിനു പിന്നിലുള്ള സംഘം, തലവന്റെ പേര്, മറ്റ് അംഗങ്ങളുടെ പേരുകള്‍ തുടങ്ങി വിശദമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയതെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. മൂന്നു പേജിലാണ് വിശദമായ കുറിപ്പ് ഇന്ത്യ കൈമാറിയത്. ആക്രമണം നടത്തുന്നവരുടെ ഒളിസങ്കേതം, ഇതിന്റെ വിലാസം, ഫോണ്‍നമ്പറുകള്‍, പശ്ചാത്തലം എന്നിവയും കുറിപ്പില്‍ വിശദമായി പറയുന്നുണ്ട്. നാഷനല്‍ തൗഹീദ് ജമാഅത്തില്‍പെട്ടവരാണ് ആക്രമണം നടത്താന്‍ സാധ്യതയുള്ളതെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷനും പള്ളികളുമാണ് സായുധര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും ഏപ്രില്‍ 11ന് കൈമാറിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, വിശദമായ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടിയെടുക്കാന്‍ സാധിച്ചില്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കിയതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തെക്കുറിച്ച് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രധാനമന്ത്രി റനില്‍ വിക്രം സിംഗേ സ്ഥിരീകരിച്ചു. എന്നാല്‍, ഇക്കാര്യം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറിയോടും പോലിസ് തലവനോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് പുജിത് ജയസുന്ദരയും, പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോയും പ്രസിഡന്റിന് രാജിക്കത്ത് നല്‍കി. ഇരുവരും തങ്ങളുടെ ജോലിയില്‍ പരാജയപ്പെട്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാതിരുന്നതാണ് സ്‌ഫോടനപരമ്പര നടക്കാന്‍ കാരണമെന്നുമാണ് പ്രസിഡന്റിന്റെ വിലയിരുത്തല്‍.

ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തിനുശേഷം ആദ്യമായാണ് പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ശ്രീലങ്കയിലെ നിന്ദ്യമായ രാഷ്ട്രീയക്കളിയുടെ ഭാഗമായാണ് ആക്രമണ മുന്നറിയിപ്പ് കൈമാറാതെ പൂഴ്ത്തിവച്ചതെന്ന് ശ്രീലങ്കന്‍ മന്ത്രിയും പാര്‍ലമെന്റ് ലീഡറുമായ ലക്ഷ്മണ്‍ കിരിയെല്ല കുറ്റപ്പെടുത്തി. ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെങ്കിലും ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പോലിസിന് ലഭിച്ചിട്ടില്ല. ഇതിനകം സ്‌ഫോടനവുമായി ബന്ധപ്പെട്ട് 60 പേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇത് നൂറിലേക്ക് കടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു സ്ത്രീയുള്‍പ്പടെ ഒമ്പത് ചാവേറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. 

Tags:    

Similar News