എന്‍ആര്‍സി നടപ്പാക്കിയാല്‍ രാജിവെക്കുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എന്‍ആര്‍സിയുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചാല്‍, ഞാന്‍ എന്റെ സ്ഥാനം ഉപേക്ഷിക്കാന്‍ പോലും തയാറാണ്

Update: 2020-02-17 05:30 GMT

ഹൈദരാബാദ്: എന്‍ആര്‍സി നടപ്പാക്കിയാല്‍ രാജിവെക്കുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി എസ്ബി അംസത് ബാഷ. എന്‍ഡിഎയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുണ്ടോയെന്ന വിഷയം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ആന്ധ്രയില്‍ പ്രതിഷേധം ഉയര്‍ന്ന വേളയില്‍ അത് നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

എന്‍ആര്‍സിക്കെതിരായ ജനങ്ങളുടെ പോരാട്ടത്തെ ഞാന്‍ ഏത് തലത്തിലേക്കും കൊണ്ടുപോകും. സ്ഥാനങ്ങള്‍ എനിക്ക് പ്രധാനമല്ല, പക്ഷേ ജനങ്ങളുടെ വികാരം മാനിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും വേണം. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എന്‍ആര്‍സിയുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചാല്‍, ഞാന്‍ എന്റെ സ്ഥാനം ഉപേക്ഷിക്കാന്‍ പോലും തയാറാണന്നും അദ്ദേഹം പറഞ്ഞു.

വൈഎസ്ആര്‍സി സംസ്ഥാനത്ത് സ്വന്തമായി 151 സീറ്റുകള്‍ നേടിയിട്ടുണ്ട്, അതിനാല്‍ എന്തിനാണ് ഞങ്ങള്‍ എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കേണ്ടത്. ഇപ്പോള്‍ മാത്രമല്ല, ഭാവിയില്‍ പോലും വൈഎസ്ആര്‍സി എന്‍ഡിഎയില്‍ ചേരുകയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ആര്‍സി വിഷയത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ എന്‍ആര്‍സിയെ പിന്തുണയ്ക്കില്ലെന്നും ന്യൂനപക്ഷ സമുദായങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പാര്‍ട്ടി എപ്പോഴും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. ആവശ്യമെങ്കില്‍ എന്‍ആര്‍സിക്കെതിരേ സംസ്ഥാന നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ എനിക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

ആന്ധ്രപ്രദേശ് കൂടെ എതിര്‍ത്തതോടെ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് തീരുമാനമെടുത്ത സംസ്ഥാനങ്ങളുടെ എണ്ണം പത്തായി. ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ പൗരത്വ നിയമത്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്. 

Tags:    

Similar News