മോദി- അമിത്ഷാ കൂട്ടുകെട്ട് വിജയിച്ചാല്‍ ഉത്തരവാദി രാഹുല്‍: കെജരിവാള്‍

Update: 2019-04-25 09:07 GMT

ന്യൂഡല്‍ഹി: ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും ഉത്തരവാദിയെന്നു ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ കെജരിവാള്‍. എഎപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് കെജരിവാള്‍ രാഹുലിനെതിരേ വിമര്‍ശനമുന്നയിച്ചത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്നു തന്നെയാണ് ഇപ്പോഴും എഎപി ആഗ്രഹിക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുതെന്നാണ് എഎപി എന്നും ആഗ്രഹിക്കുന്നത്. ഇതിനു വേണ്ടിയാണ് കോണ്‍ഗ്രസുമായി സഖ്യത്തിനു ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനു വിസമ്മതിക്കുകയാണെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി. മോദിയെയും ബിജെപിയെയും അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചക്കും എഎപി തയ്യാറാണ്. ഇതിനായി തിരഞ്ഞെടുപ്പിന് ശേഷം ഏതു മതേതര കക്ഷിയെയും പിന്തുണക്കും. രാജ്യത്തെയും ഭരണഘടനയെയും രക്ഷപ്പെടുത്താനുള്ള ഏക അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ഡല്‍ഹിക്കു സമ്പൂര്‍ണ സംസ്ഥാന പദവി നേടുന്നതിനാണ് എഎപിയുടെ ശ്രമമെന്നും കെജരിവാള്‍ പറഞ്ഞു. രണ്ടാം തര പൗരന്‍മാരായാണ് ഡല്‍ഹി നിവാസികളെ പരിഗണിക്കുന്നത്. ഇതൊഴിവാക്കാന്‍ ഡല്‍ഹിക്കു സമ്പൂര്‍ണ സംസ്ഥാന പദവി ലഭിച്ചേ തീരൂവെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Similar News