'ഹിജാബ് അവരുടെ ഇഷ്ടമാണ്, അവരെ ജീവിക്കാന്‍ അനുവദിക്കൂ'; നിലപാട് ആവര്‍ത്തിച്ച് മിസ് യൂനിവേഴ്‌സ് ഹര്‍നാസ് സന്ധു

Update: 2022-03-31 05:50 GMT

ഛണ്ഡിഗഢ്: ഹിജാബ് നിരോധനത്തിനെതിരേ വീണ്ടും മിസ് യൂനിവേഴ്‌സ് ഹര്‍നാസ് കൗര്‍ സന്ധു രംഗത്ത്. ഒരു പെണ്‍കുട്ടി ഹിജാബ് ധരിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ തിരഞ്ഞെടുപ്പും ഇഷ്ടവുമാണ്. ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ അവരെ അനുവദിക്കൂ എന്നായിരുന്നു ഹര്‍സാനിന്റെ പ്രതികരണം. ഛണ്ഡിഗഢില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ഹിജാബ് വിഷയത്തിലുള്ള തന്റെ നിലപാട് ഹര്‍നാസ് ആവര്‍ത്തിച്ചത്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നവര്‍ക്കാണ് പിഴച്ചത്.

രാജ്യത്ത് ജീവിക്കുന്ന ഒരു യുവതിയെന്ന നിലയ്ക്ക് ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ചെല്ലാം സ്വന്തമായൊരു കാഴ്ചപ്പാടുണ്ടാവല്‍ വളരെ പ്രധാനമാണ്. അത്തരമൊരു കാഴ്ചപ്പാടാണ് താനന്ന് വ്യക്തമാക്കിയതെന്നും ഹര്‍നാസ് പറഞ്ഞു. നേരത്തെ ജന്‍മനാട്ടില്‍ നടന്ന സ്വീകരണചടങ്ങില്‍ ഹര്‍നാസ് ഹിജാബ് വിഷയത്തില്‍ നടത്തിയ അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവര്‍ നിലപാടില്‍ ഉറച്ചുനിന്നത്. എന്തുതന്നെയായാലും ആ പെണ്‍കുട്ടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കു കീഴിലാണുള്ളത്.

അവര്‍ ഹിജാബ് ധരിക്കുകയാണെങ്കില്‍ അതവരുടെ ഇഷ്ടമാണ്. അവരെ ആരെങ്കിലും ഭരിക്കുകയാണെങ്കില്‍ തന്നെ അവര്‍ മുന്നോട്ടുവന്ന് സംസാരിക്കട്ടെ. അതവരുടെ തിരഞ്ഞെടുപ്പാണെങ്കില്‍ പിന്നെ വേറൊരു അഭിപ്രായമില്ല. അവള്‍ ഇഷ്ടപ്പെടുന്നതുപോലെ ജീവിക്കാന്‍ അവരെ അനുവദിക്കൂ. വ്യത്യസ്ത നിറക്കാരും വിവിധ സംസ്‌കാരങ്ങളില്‍നിന്ന് വരുന്നവരുമാണ് നമ്മള്‍ സ്ത്രീകളെല്ലാം. നമ്മള്‍ പരസ്പരം മാനിക്കേണ്ടതുണ്ട്. എല്ലാവരുടെയും ജീവിതം വ്യത്യസ്തമാണ്. അപ്പോള്‍ പിന്നെ എന്തിനാണ് മറ്റൊരാളെ നിര്‍ബന്ധിക്കാനും ഭരിക്കാനും നിങ്ങള്‍ പോവുന്നത്?- ഹര്‍നാസ് ചോദിക്കുന്നു.

Tags: