മിശ്രവിവാഹം; ഹൈദരാബാദിൽ യുവാവിനെ ഭാര്യയുടെ കുടുംബം കൊലപ്പെടുത്തി

ജൂൺ 10 ന് ഖുത്ബുല്ലാപൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് അവർ വിവാഹിതരായത്.

Update: 2020-09-26 09:26 GMT

ഹൈദരാബാദ്: മിശ്രവിവാഹം ചെയ്തതിന് ഹൈദരാബാദിൽ 28 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 14 പേരെ സൈബരാബാദ് പോലിസ് അറസ്റ്റ് ചെയ്തു.

ഇന്റീരിയർ ഡിസൈനറായിരുന്ന വൈശ്യ സമുദായത്തിൽപ്പെട്ട ഹേമന്ത് കുമാറും സവർണ വിഭാ​ഗമായ റെഡ്ഡി സമുദായത്തിൽപ്പെട്ട ഭാര്യ അവന്തിയും എട്ട് വർഷത്തിലധികമായി പരസ്പരം അറിയുകയും, പ്രണയത്തിലാവുകയും ചെയ്തിരുന്നു. മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായി ഈ വർഷം ജൂൺ 10 ന് ഖുത്ബുല്ലാപൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് അവർ വിവാഹിതരായത്.

അവരുടെ ബന്ധത്തിൽ അതൃപ്തിയുള്ളതിനാൽ ഭർത്താവ് ഹേമന്ത് കുമാറിനെ കൊലപ്പെടുത്താൻ അവന്തി റെഡ്ഡിയുടെ ബന്ധുക്കൾ കൊലയാളികളെ നിയോഗിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ യുഗേന്ദർ റെഡ്ഡിയെ അവരുടെ ഡ്രൈവർ ഷെയ്ക്ക് പത്താനൊപ്പം കൊലപാതകം നടപ്പാക്കാൻ അവന്തിയുടെ കുടുംബം ഏൽപ്പിക്കുകയായിരുന്നു.

അവന്തി റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 18 പേർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ ഗൂഡാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തന്റെ ഭർത്താവിന്റെ കൊലപാതകത്തിന് പിന്നിൽ അച്ഛനാണെന്ന് സംശയിക്കുന്നതായി അവന്തി റെഡ്ഡി പറഞ്ഞു.

Similar News